
വര്‍ഷങ്ങള്‍ പലത് പിന്നിട്ടിട്ടും തിരക്കേറുന്ന ദിവസങ്ങളില്‍ മൂന്നാര്‍ ടൗണില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമില്ല. ടൗണില്‍ കുരുക്ക് മുറുകുകയും കാല്‍നടയാത്രയും വാഹനയാത്രയും ഒരേ പോലെ പ്രയാസമാവുകയും ചെയ്യുന്ന കാഴ്ച്ച ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. മധ്യവേനൽ അവധിയാരംഭിക്കുകയും തുടർച്ചയായി അവധി ദിവസങ്ങൾ എത്തുകയും ചെയ്തതോടെ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ വരവ് വലിയ തോതിൽ വര്‍ധിച്ചു. ഇരവികുളം ദേശിയോദ്യാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്. വട്ടവട, മറയൂർ എന്നിവിടങ്ങളിലേക്കും മാട്ടുപ്പെട്ടിയടക്കമുള്ള ബോട്ടിംഗ് സെൻ്ററുകളിലേക്കും സഞ്ചാരികൾ വലിയ തോതിൽ എത്തുന്നുണ്ട്. എന്നാൽ തിരക്കേറുന്നതോടെ മൂന്നാർ ടൗണിലും മൂന്നാർ മറയൂർ റോഡിലും മൂന്നാർ മാട്ടുപ്പെട്ടി റോഡിലും ആനച്ചാൽ മൂന്നാർ റോഡിലുമുണ്ടാകുന്ന തിരക്കാണ് പതിവ് പോലെ ഇത്തവണയും സഞ്ചാരികളെ വലക്കുന്നത്.
ഗതാഗതകുരുക്കിൽ അകപ്പെട്ട് സഞ്ചാരികൾക്ക് ഉദ്ദേശിച്ച സമയത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിച്ചേരാനും തിരികെ മടങ്ങാനും കഴിയാതെ വരുന്നതാണ് പ്രതിസന്ധിയാകുന്നത്.
ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ ഇടക്കിടെ യോഗങ്ങള്‍ ചേരുകയും കുരുക്കഴിക്കാന്‍ പോന്ന തീരുമാനങ്ങള്‍ കൈകൊള്ളുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷെ നടപ്പിലാക്കുമെന്ന പറയുന്ന ഗതാഗത പരിക്ഷ്‌ക്കരണം വേണ്ടവിധം നടപ്പിലാകാതെ വരുന്നതാണ് തിരക്കേറുന്ന ദിവസങ്ങളില്‍ പ്രതിസന്ധി പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്ന ആക്ഷേപമുയരുന്നു.
കൈകൊള്ളുന്ന തീരുമാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ മാത്രം പിന്‍തുടരുകയും പിന്നെയെല്ലാം പഴയപടിയാവുകയും ചെയ്യുന്നതായാണ് ആരോപണം. വരും ദിവസങ്ങളിൽ മൂന്നാർ പുഷ്പമേള കൂടി ആരംഭിക്കുന്നതോടെ മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതിക്ഷ. തിരക്കേറുന്നതോടെ പതിവായി മൂന്നാർ ഗതാഗതക്കുരുക്കിലമരുന്ന വിഷയത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ മൂന്നാറിൻ്റെ വിനോദ സഞ്ചാരത്തിന് അത് വലിയ തിരിച്ചടിയാകും.