കുണ്ടും കുഴിയുമായി മൂന്നാര്‍ സൈലന്റുവാലി റോഡ്; നാട്ടുകാരുടെ യാത്രാ ദുരിതം തുടരുന്നു

മൂന്നാര്‍: മൂന്നാറില്‍ ആറുകോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച റോഡ് മഴ പെയ്തതോടെ കുണ്ടും കുഴിയുമായി. ഇതോടെ തോട്ടം തൊഴിലാളികളുടെ യാത്രയും ദുരിതത്തിലായി. ഒരുവര്‍ഷം മുമ്പാണ് മൂന്നാര്‍ സൈലന്റുവാലി റോഡ് ബിഎംബിസി നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മ്മാണം നിലവാരമില്ലാത്തതാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
വിനോദസഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന മീശപ്പുലിമലയിലേക്ക് പോകുന്ന പ്രധാന റോഡാണ് മൂന്നാര്‍ സൈലന്റുവാലി റോഡ്. ആദ്യകാലങ്ങളില്‍ ഇതുവഴി കെഎസ്ആര്‍ടി ബസ് സര്‍വ്വീസ് നടത്തിയിരുന്നു. പ്രളയത്തില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം താറുമായതോടെ കെഎസ്ആര്‍ടിസി ബസ് യാത്ര അവസാനിപ്പിച്ചു. ഇതോടെ തോട്ടംതൊഴിലാളികള്‍ എസ്റ്റേറ്റിലേക്ക് പോകുന്നതിനും വിനോദസഞ്ചാരികള്‍ മീശപ്പുലിമല സന്ദര്‍ശിക്കുന്നതിനും ട്രിപ്പ് ജീപ്പുകളെ ആശ്രയിക്കേണ്ടിവന്നു.
പ്രളയം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ കൂട്ടാക്കാതെ വന്നതോടെ തൊഴിലാളികള്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളുമായി രംഗത്തെത്തി. ഇതോടെ റോഡിന്റെ പണികള്‍ ഒരുവര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കി. പിന്നീട് നിര്‍ത്തിവെച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് വീണ്ടും യാത്ര ആരംഭിച്ചു. എന്നാല്‍ മഴ ശക്തമായോതോടെ ചെറുവണ്ടികള്‍ക്ക് പോലും ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മ്മിച്ചത് 6 കോടി രൂപ ചിലവഴിച്ചാണ്. എന്നാല്‍ നിലവാരമില്ലാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് ഇപ്പോള്‍ റോഡ് തകരാന്‍ ഇടയാക്കിയതെന്നാണ് ആരോപണം.