
ലഹരി കേസില്‍ നടന്‍ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.
അതേസമയം, ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ച നിയമോപദേശം. പൊലീസ് ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാണെന്നും ലഹരി കണ്ടെടുക്കാത്തതിനാല്‍ കോടതിയില്‍ കേസ് പൊളിയുമെന്നുമാണ് ഷൈനിന്‍റെ അഭിഭാഷകരുടെ വിലയിരുത്തല്‍. എന്നാല്‍, കേസ് ബലപ്പെടുത്താന്‍ ഷൈനിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ, സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ഷൈനിന്‍റെ മൊഴിയും പുറത്തുവന്നു.