ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവക്ക് വിശ്വാസി സമൂഹത്തിന്റെ ആവേശോജ്ജ്വലമായ സ്വീകരണം

അടിമാലി: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവക്ക് അടിമാലിയടക്കം വിവിധ കേന്ദ്രങ്ങളില്‍ വിശ്വാസി സമൂഹത്തിന്റെ ആവേശോജ്ജ്വലമായ സ്വീകരണം. കാതോലിക്കാബാവാ ആയി ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായാണ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ജില്ല യില്‍ എത്തുന്നത്. ശ്രേഷ്ഠ ബാവാക്ക് വിപുലമായ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങളായിരുന്നു യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖലയുടെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്നത്. വാളറ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി ജംഗ്ഷനില്‍ നിന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ വിശ്വാസികള്‍ ബാവായെ സ്വീകരിച്ചാനയിച്ചു.
രണ്ട് മണിയോടെ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ അടിമാലി മൗണ്ട് സെഹിയോന്‍ അരമന പള്ളിയില്‍ എത്തി. സ്വീകരണ യോഗത്തില്‍ യാക്കോബായ സഭഹൈറേഞ്ച് മേഖല മെത്രാപ്പൊലീത്ത ഡോ.ഏലിയാസ് മാര്‍ അത്താനാസിയോസ് അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തി. ഫ്രാൻസിസ് മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തില്‍ സ്വീകരണ യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ എല്‍ദോസ് കൂറ്റപ്പാല കോര്‍ എപ്പിസ്‌കോപ്പ ഭക്തി പ്രമേയം അവതരിപ്പിച്ചു. സാമൂഹിക, സാമുദായിക, രാഷ്ട്രീയ, വ്യാപാര മേഖലകളിലെയാളുകള്‍ ബാവായെ അനുമോദിക്കാന്‍ മൗണ്ട് സെഹിയോന്‍ അരമന പള്ളിയില്‍ എത്തിയിരുന്നു. വിവിധ പുരോഹിതര്‍, ട്രസ്റ്റിമാര്‍ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു. രാജാക്കാട്, രാജകുമാരി, മുരിക്കുംതൊട്ടി എന്നിവിടങ്ങളിലും ബാവാക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.