ദേവികുളം താലൂക്കില്‍ പരക്കെ മഴ; പലയിടത്തും മരം വീണ് ഗതാഗത തടസ്സം, മൂന്നാറില്‍ ക്യാമ്പ് തുറന്നു

അടിമാലി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദേവികുളം താലൂക്കിലാകെ പരക്കെ മഴ പെയ്യുന്നുണ്ട്. ഒട്ടുമിക്കയിടങ്ങളിലും ശക്തമായ കാറ്റ് വീശി. ദേശിയപാത 85ല്‍ നേര്യമംഗലം റാണികല്ലിന് സമീപവും ഇരുട്ടുകാനത്തിന് സമീപവും മരം നിലം പതിച്ച് ഗാതഗതവും വൈദ്യുതി ബന്ധവും താറുമാറായി. അഗ്നിരക്ഷാ സേന മരങ്ങള്‍ മുറിച്ച് ഗതാഗതം പുനസ്ഥാപിച്ചു. മൂന്നാര്‍ മറയൂര്‍ റോഡില്‍ എസ് വളവിന് സമീപം എട്ടാംമൈലിലും മൂന്നാര്‍ വട്ടവട റോഡില്‍ എല്ലപ്പെട്ടിയിലും മരം വീണും മണ്ണിടിഞ്ഞും യാത്രാ തടസ്സമുണ്ടായി.
ശല്യാംപാറ അമ്പഴച്ചാല്‍ റോഡില്‍ മണ്ണിടിഞ്ഞ് യാത്ര തടസ്സപ്പെട്ടു. അടിമാലി രാജാക്കാട് റോഡില്‍ പൊന്മുടിക്ക് സമീപം മരം വീണും ആനച്ചാല്‍ ആഡിറ്റ് ഭാഗത്ത് റോഡില്‍ വൈദ്യുതി പോസ്റ്റൊടിഞ്ഞ് വീണും യാത്രാ തടസ്സമുണ്ടായി. കല്ലാര്‍കുട്ടി ഡാമിന് സമീപവും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കല്ലാര്‍ മാങ്കുളം റോഡില്‍ പീച്ചാടിന് സമീപവും മരം വീണ് യാത്രാ തടസ്സമുണ്ടായി. ദേശിയപാതയില്‍ നവീകരണജോലികളുടെ ഭാഗമായി മണ്ണ്് നീക്കിയ പലഭാഗങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കരടിപ്പാറക്ക് സമീപം പാതയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുള്ള യാത്രക്ക് നിയന്ത്രണമുണ്ട്. വാഹനങ്ങള്‍ ഇരുട്ടുകാനം ആനച്ചാല്‍ രണ്ടാംമൈല്‍ വഴി സഞ്ചരിക്കണം.
താലൂക്കിലെ ഉള്‍ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറാണ്. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ തുറന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. പുഴകളിലും മറ്റണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. മൂന്നാര്‍ ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖല പാടെ നിശ്ചലമായി. ബോട്ടിംഗ് അടക്കം ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിര്‍ത്തി. മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിച്ചില്‍ സാധ്യത മുമ്പില്‍ കണ്ട് മൂന്നാര്‍ നഗറില്‍ താമസിച്ചിരുന്ന കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളടക്കം ജാഗ്രത പുലര്‍ത്തിപ്പോരുകയാണ്. മരം വീണും മണ്ണിടിഞ്ഞുമുണ്ടായ ഗതാഗത തടസ്സങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്തു. അടിമാലി അമ്പലപ്പടിയില്‍ ശക്തമായ കാറ്റിലും മഴയിലും കര്‍ഷകരുടെ രണ്ടായിരത്തോളം ഏത്തവാഴകള്‍ നശിച്ചു.