Latest NewsNational

ജവഹര്‍ലാല്‍ നെഹ്‌റു ഓർമയായിട്ട് 61 വർഷം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഓർമയായിട്ട് അറുപത്തി ഒന്ന് വർഷം. മതേതരത്വം, ജനാധിപത്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി ആധുനിക ഇന്ത്യ പടുത്തുയര്‍ത്താന്‍ നേതൃത്വം നല്‍കിയത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു.

ദാരിദ്ര്യവും കഷ്ടതകളും അനുഭവിക്കുന്ന ജനത. സ്വയം പര്യാപ്തത സ്വപ്നം പോലും കാണാൻ കഴിയാത്ത കര്‍ഷകർ,ദുർബലമായ വ്യവസായമേഖല, ജാതിമതസംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ള സാമൂഹികസ്ഥിതി. ഇന്ത്യയുടെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുമ്പോൾ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു നെഹ്രുവിന് മുന്നിൽ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനയ്ക്ക് പരമപ്രാധാന്യം നല്‍കിയത് നെഹ്‌റുവാണ്. ശാസ്ത്രീയ അറിവിൽ വിശ്വസിക്കുകയും എല്ലാ പഠനങ്ങളും യുക്തിയെ അടിസ്ഥാനമാക്കി വേണമെന്ന് ശഠിക്കുകയും ചെയ്തു നെഹ്റു.

കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം, ഐ ഐ ടികൾ, ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നെഹ്രുവിന്‍റെ സംഭാവനകൾ വലുതാണ്. കുട്ടികളെ ഏറെ സ്നേഹിച്ച നെഹ്രു അവരുടെ അവകാശങ്ങൾക്കായി വാദിച്ചു. കുട്ടികളെ ഒരു രാജ്യത്തിന്റെ യഥാർത്ഥ ശക്തിയായും സമൂഹത്തിന്റെ അടിത്തറയായും കണക്കാക്കി. നെഹ്രുവിനോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്‍റെ ജന്മദിനം രാജ്യത്ത് ശിശുദിനമായി ആഘോഷിക്കുന്നു.


പരസ്പര ബഹുമാനത്തിലൂന്നിയ രാഷ്ട്രീയ സംവാദങ്ങളും നിലപാടുകളും ശാസ്ത്രബോധവും നെഹ്‌റുവിന്റെ സവിശേഷതകളായിരുന്നു. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും പരിഗണിച്ചായിരുന്നു നയരൂപീകരണം. ഒരു രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം ധിഷണാശാലിയായ എഴുത്തുകാരനും മികച്ച വാഗ്മിയുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ, ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി, ഡിസ്‌കവറി ഓഫ് ഇന്ത്യ എന്നിവ നെഹ്‌റുവിന്റെ ധിക്ഷണാശക്തി പ്രതിഫലിപ്പിക്കുന്ന രചനകളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!