
അടിമാലി: ടൂറിസം വികസനത്തില്‍ ജില്ല മുന്നേറുമ്പോള്‍. അധികൃതരുടെ അനാസ്ഥയില്‍ ഇരുളടഞ്ഞ ടൂറിസം കേന്ദ്രങ്ങളും ഇടുക്കിയില്‍ ഉണ്ട്. അതിലൊന്നാണ് ആളൊഴിഞ്ഞ അനാഥമായ പൊന്മുടി എക്കോ പോയിന്റ്. ഒരുകാലത്ത് സഞ്ചാരികളാല്‍ സമ്പനമായിരുന്നു പൊന്മുടി എക്കോ പോയിന്റ്. എന്നാല്‍ ഇന്നിവിടേക്ക് എത്തുന്നത് അപൂര്‍വ്വം ചിലര്‍ മാത്രം. പൊന്മുടി ജലാശയത്തിലെ ബോട്ടിംഗ് ആദ്യം ആരംഭിച്ചത് ഇവിടെ നിന്നുമായിരുന്നു. പിന്നീടുണ്ടായ രാഷ്ട്രീയ കരുനീക്കങ്ങളില്‍ പദ്ധതി നിലച്ചു. ഇതിനുശേഷം പൊന്മുടി ഡാം ആന്‍ഡ് ഡെയില്‍ ടൂറിസം പദ്ധതി വന്നതോടെ പൊന്മുടി എക്കോ പോയിന്റ് ആളൊഴിഞ്ഞ അനാഥമായി.
പച്ചപ്പില്‍ നിറഞ്ഞ മനോഹരമായ ഈ പ്രദേശമിന്ന് മാലിന്യങ്ങള്‍ കൊണ്ടും മദ്യക്കുപ്പികള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു. സാമൂഹ്യവിരുദ്ധന്മാരുടെയും മദ്യപ സംഘങ്ങളുടെയും താവളമാണ് ഇവിടം. പൊന്മുടി എക്കോ പോയിന്റ് ടൂറിസം പദ്ധതി നിലച്ചതോടെ മങ്ങലേറ്റത് കൊന്നത്തടി പഞ്ചായത്തിന്റെ ടൂറിസം മേഖലക്കാണ്. ടൂറിസം വികസനത്തിന്റെ ചെറിയ സാധ്യതകള്‍ പോലും പ്രയോജനപ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കി മുമ്പോട്ടു പോകുമ്പോഴാണ്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന പൊന്മുടി എക്കോ പോയിന്റ് സാമൂഹ്യവിരുദ്ധന്മാരുടെ താവളമായി മാറിയത്.