അവരെ വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കും’; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ മോദി എക്‌സിലൂടെയാണ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചത്. ഭീകരാക്രമണങ്ങള്‍ക്കെതിരായ ഇന്ത്യയുടെ പ്രതിരോധം ആര്‍ക്കും തകര്‍ക്കാനാകില്ലെന്നും കുറ്റക്കാരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി എക്‌സില്‍ കുറിച്ചു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഭീകരാക്രമണത്താല്‍ ബാധിക്കപ്പെട്ട എല്ലാവര്‍ക്കും എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. അങ്ങേയറ്റം നീചമായ ഈ കൃത്യത്തിന് പിന്നിലുള്ളവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അവരെ വെറുതെ വിടുകയില്ല. അവരുടെ പൈശാചികമായ അജണ്ട ഒരിക്കലും ജയിക്കില്ല. ഭീകരവാദത്തിനെതിരായ നമ്മുടെ പ്രതിരോധത്തിന് ഇളക്കംതട്ടുകയില്ല. അത് കൂടുതല്‍ ശക്തമാകുകയേയുള്ളൂ. മോദി എക്‌സില്‍ കുറിച്ചു