കൊമ്പൊടിഞ്ഞാൽ തീ പിടുത്തം : മരിച്ച നാല് പേരുടെയും സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു

അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ വീടിന് തീ പിടിച്ച് പൊള്ളലേറ്റ് മരിച്ച നാല് പേരുടെയും സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു. തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, ശുഭയുടെ മാതാവ് പൊന്നമ്മ,ശുഭയുടെ മക്കളായ അഭിനന്ദ്, അഭിനവ് എന്നിവരായിരുന്നു കത്തിചാമ്പലായ വീട്ടില്‍ താമസിച്ച് വന്നിരുന്നത്. തീ പിടുത്തതില്‍ മരിച്ച നാല് പേരുടെയും സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് നടന്നു. അഗ്നിക്കിരയായ വീടിന് സമീപം തന്നെയാണ് നാല് പേരെയും സംസ്‌ക്കരിച്ചത്.
5 വയസ്സുകാരന്‍ അഭിനവിന്റെ ഒഴികെ മറ്റെല്ലാവരും തിരിച്ചറിയാനാകാത്തവിധം തീയില്‍ ചാമ്പലായിരുന്നു. നിനച്ചിരിക്കാതെ ഒരു കുടുംബത്തിലെ എല്ലാവരും ഒന്നാകെ മരണപ്പെട്ടത് നാടിന് വലിയ നടുക്കമാണ് നല്‍കിയിട്ടുള്ളത്. വീടിന് തീപിടുത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നാണ് അനുമാനം. ശനിയാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു വീടിന് തീപിടുത്തമുണ്ടായ വിവരം പുറം ലോകമറിയുന്നത്.
ശനിയാഴ്ച്ച വൈകിട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ വീട് പൂര്‍ണ്ണമായി കത്തിചാമ്പലായ നിലയിലായിരുന്നു. അധികം ആള്‍വാസമില്ലാതിരുന്നിടത്താണ് അഗ്‌നിക്കിരയായ വീടുള്ളത് എന്നത് സംഭവം പുറംലോകമറിയാന്‍ വൈകുന്നതിന് കാരണമായി. ഇന്നലെ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പോസ്റ്റുമോര്‍ട്ടമടക്കമുള്ള തുടര്‍നടപടിക്രമങ്ങള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ പോലീസ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.