വിനോദ സഞ്ചാരികള്‍ക്കായി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസ് വന്‍ ഹിറ്റ്

മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ആരംഭിച്ച കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസ് വന്‍ ഹിറ്റ്. മൂന്നു മാസം കൊണ്ട് വരുമാനം ബസിന്റെ നിര്‍മ്മാണ ചെലവായ 30 ലക്ഷം രൂപ കവിഞ്ഞു. മൂന്നാറിന്റെ വശ്യ മനോഹാരിത 360 ഡ്രിഗ്രിയില്‍ കണ്ടറിഞ്ഞ് യാത്ര ചെയ്യാന്‍ അവസരമൊരുക്കിയായിരുന്നു മൂന്ന് മാസങ്ങള്‍ക്ക്് മുമ്പ് മൂന്നാറില്‍ കെ എസ് ആര്‍ ടി സിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വ്വീസാരംഭിച്ചത്.
ദിവസവും മൂന്നാറില്‍ നിന്നാരംഭിച്ച് ആനയിറങ്കല്‍ ജലാശയം വരെ നീളുന്ന നാല് സര്‍വ്വീസുകളാണ് ബസിനുള്ളത്. ഫെബ്രുവരി 8 നാണ് ഡബിള്‍ ഡക്കര്‍ മൂന്നാറില്‍ സര്‍വീസ് ആരംഭിച്ചത്. അന്നു മുതല്‍ കഴിഞ്ഞ തിങ്കളാഴ്ച്ച വരെ 35,31,900 രൂപയാണ് വരുമാനമായി ലഭിച്ചത്. ഡബിള്‍ ഡക്കര്‍ ബസിന്റെ നിര്‍മാണത്തിന് 30 ലക്ഷം രൂപ ചെലവായെന്നാണ് ഉദ്ഘാടന വേളയില്‍ മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത്. യാത്രക്കാര്‍ക്ക് പുറകാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ പൂര്‍ണമായും സുതാര്യമായ ഗ്ലാസുകളിട്ടാണ് ബസ് നിര്‍മിച്ചിട്ടുള്ളത്.
താഴത്തെ നിലയില്‍ 12 പേര്‍ക്കും മുകള്‍നിലയില്‍ 38 പേര്‍ക്കും യാത്ര ചെയ്യാം. ലോവര്‍ സീറ്റ് യാത്രക്ക് 200 രൂപയും അപ്പര്‍ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 3 മണി ക്കൂര്‍ നീളുന്നതാണ് ഒരു ട്രിപ്. തുടക്കത്തില്‍ മൂന്ന് സര്‍വ്വീസായിരുന്നു ഉണ്ടായിരുന്നത്. തിരക്ക് വര്‍ധിച്ചതോടെ ഡബിള്‍ ഡെക്കര്‍ ഒരു ട്രിപ് കുടി വര്‍ധിപ്പിച്ചു. രാവിലെ 6, 9, ഉച്ചയ്ക്ക് 12.30, വൈകിട്ട് 4നുമാണ് ട്രിപ്പുകള്‍ ഡിപ്പോയില്‍ നിന്നും പുറപ്പെടുന്നത്.