
അടിമാലി: അടിമാലിയില്‍ ബാറില്‍ വച്ചുണ്ടായ കത്തിക്കുത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിയെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി സനു എന്ന് വിളിക്കുന്ന സനിലിനെയാണ് പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു അടിമാലി ടൗണിലെ ബാറില്‍ വച്ച് കത്തികുത്തുണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് സംഭവിച്ചിരുന്നു. ഇതില്‍ ഗുരുതര പരിക്ക് സംഭവിച്ച അടിമാലി ചാറ്റുപാറ സ്വദേശി ഹരിശ്രീയുടെ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയായ സനുവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ഹരിശ്രീയുടെ കഴുത്തിന് ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ട്. ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയുടെ ഭാര്യ സഹോദരനാണ് കത്തികുത്തില്‍ പരിക്ക് സംഭവിച്ച ഒരാള്‍. ഇയാളെ ലക്ഷ്യമിട്ടായിരുന്നു പ്രതി ആക്രമണത്തിന് എത്തിയതെന്നും ഇയാളെ ആക്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പരിക്ക് സംഭവിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.