
മൂന്നാര്‍: സിപിഐ ദേവികുളം മണ്ഡല സമ്മേളനം 25, 26, 27 തീയതികളില്‍ മൂന്നാറില്‍ നടക്കും. 25 ന് വൈകിട്ട് വിവിധ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുന്ന കൊടിമരം, പതാക, ബാനര്‍, ദീപശിഖ, സി.എ.കുര്യന്‍ ഛായാചിത്രം ജാഥകള്‍ക്ക് വൈകിട്ട് 5.30ന് ടൗണിലെ സമ്മേളന നഗരിയില്‍ സ്വീകരണം നല്‍കും. നേതാക്കളായ കെ.സലിം കുമാര്‍, എം.വൈ. ഔസേപ്പ്, പി. മുത്തു പാണ്ടി, പി.പളനിവേല്‍, ജി.എന്‍.ഗുരുനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കും. 26 ന് രാവിലെ 10ന് രജിസ്ട്രേഷന്‍, 11 ന് റെഡ്വോളണ്ടിയര്‍ പരേഡ്, പതാക ഉയര്‍ത്തല്‍, 12ന് പ്രതിനിധി സമ്മേളനം തുടര്‍ന്ന് റിപ്പോര്‍ട്ട്, ഗ്രൂപ്പ് ചര്‍ച്ച, ആദരിക്കല്‍ എന്നിവ നടക്കും.
പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് സി പി ഐ നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 27 ന് രാവിലെ 9 ന് പ്രതിനിധി സമ്മേളനം, ചര്‍ച്ച, മറുപടി. ഉച്ചകഴിഞ്ഞ് 2 ന് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവയും നടക്കും. സിപിഐ സംസ്ഥാന കമ്മിറ്റിയംഗം എം.വൈ. ഔസേപ്പ്, ജില്ല അസിസ്റ്റന്റ് സെക്രട്ടറി പി. പളനിവേല്‍, മണ്ഡലം സെക്രട്ടറി ടി.ചന്ദ്രപാല്‍, ലോക്കല്‍ സെക്രട്ടറി സെല്‍വരാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.