
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്.ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഗ്യാപ്പ് റോഡില്‍ പരിശോധന നടത്തി.വാഹനങ്ങളുടെ അമിത വേഗതയും അഭ്യാസപ്രകടനങ്ങളും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന.

മുഖം മിനുക്കിയതോടെ ഗ്യാപ്പ് റോഡ് വാഹനയാത്രികരുടെ ഇഷ്ടപാതയാണ്. മൂന്നാറിന്റെ കാഴ്ച്ചകള്‍ കാണുന്നതിനൊപ്പം നവീകരിച്ച പാതയിലൂടെയുള്ള ഡ്രൈവിംഗും ആളുകള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ ഗ്യാപ്പ് റോഡില്‍ നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് പരാതി. ഗ്യാപ്പ് റോഡിലൂടെ സാഹസികവും അപകടകരവുമായി വാഹനയാത്ര നടത്തിയ ഒന്നിലധികം സംഭവമുണ്ടായി. ഈ സാഹചര്യത്തില്‍ ഗ്യാപ്പ് റോഡിലെ നിയമ ലംഘകരെ കണ്ടെത്താനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് കടുപ്പിച്ചിട്ടുള്ളത്.

നവമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുന്നതിനും മറ്റുമായാണ് യുവാക്കള്‍ വാഹനങ്ങളില്‍ ഇരുന്ന് അപകടകരവും സാഹസികവുമായി ദൃശ്യങ്ങള്‍ പകര്‍ത്താറ്. വിനോദ സഞ്ചാരികളുമായി പോകുന്ന ജീപ്പ് സഫാരിക്കാരില്‍ ചിലരും അമിതവേഗതയില്‍ വാഹനമോടിക്കാറുണ്ട്. അപകടകരമായി വാഹനമോടിക്കുന്നവര്‍ക്ക് മാത്രമല്ല റോഡിലെ മറ്റ് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കുമൊക്കെ സാഹസവും അശ്രദ്ധയും ഭീഷണിയാകുന്നു.ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡായിരുന്നു ഗ്യാപ്പ് റോഡില്‍ പരിശോധന നടത്തിയത്.