
മാങ്കുളം: കല്ലാര്‍കുട്ടി റേഷന്‍കട സിറ്റിയേയും നായ്ക്കുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കും വിധം, കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ ഇപ്പോള്‍ കടത്തുവള്ളമുപയോഗിച്ച് ആളുകള്‍ അക്കരെയിക്കരെ എത്തുന്ന ഭാഗത്ത് തൂക്കുപാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം. കുട്ടികളും പ്രായമായവരും സ്ത്രീകളുമൊക്കെ ജലാശയത്തിന് കുറുകെ യാത്ര ചെയ്യുന്നത് ഈ വള്ളത്തില്‍ കയറിയാണ്. മഴക്കാലത്ത് യാത്ര കൂടുതല്‍ ക്ലേശകരമാകും. രാവിലെയും വൈകുന്നേരവും സ്കൂള്‍ കുട്ടികളടക്കം ഇങ്ങനെ യാത്ര ചെയ്യുന്നു. കാല്‍നട യാത്ര സാധ്യമാകും വിധം ജലാശയത്തിന് കുറുകെ തൂക്കുപാലം നിര്‍മ്മിച്ചാല്‍ യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്ന് ആളുകള്‍ പറയുന്നു.

ജലാശയത്തിന് കുറുകെ തൂക്കുപാലം നിര്‍മ്മിക്കപ്പെട്ടാല്‍ അത് കല്ലാര്‍കുട്ടിയുടെയും സമീപമേഖലകളുടെയും വിനോദ സഞ്ചാര സാധ്യതക്കും കരുത്താകും.

ഇഞ്ചത്തൊട്ടിയിലും കാഞ്ഞിരവേലിയിലും അയ്യപ്പന് കോവിലിലുമൊക്കെ നിര്‍മ്മിച്ചിട്ടുള്ള പാലങ്ങളുടെ മാതൃകയില്‍ കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെയും തൂക്കുപാലം നിര്‍മ്മിക്കാനാകുമെന്നാണ് വാദം. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടും തുടര്‍ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.