സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്; ക്വാർട്ടറിൽ മോഹൻ ബഗാന് ജയം

കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് 2–1ന് തോറ്റു. സഹൽ അബ്‌ദുൾ സമദും സുഹൈൽ അഹമ്മദ് ബട്ടുമാണ് ബഗാനായി ലക്ഷ്യം കണ്ടത്. മികച്ച കളി പുറത്തെടുത്തിട്ടും ദവീദ് കറ്റാലയുടെ സംഘത്തിന് ജയം പിടിക്കാനായില്ല. ഇഞ്ചുറി ടൈമിൽ ശ്രീകുട്ടനാണ് ഒരു ഗോൾ മടക്കിയത്.
ഈസ്‌റ്റ് ബംഗാളിനെതിരെ കളിച്ച ടീമിൽ മാറ്റവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ കളിച്ചില്ല. മുഹമ്മദ് ഐമനായിരുന്നു പകരക്കാരൻ. മികച്ച നീക്കങ്ങളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ പല തവണ ഗോളിന് അടുത്തെത്തി. എന്നാൽ ലക്ഷ്യം കാണാനായില്ല. കളിയുടെ 22-ാം മിനിറ്റിൽ ബഗാൻ ലീഡ് നേടി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം നോക്കിനിൽക്കെ സഹൽ സച്ചിൻ സുരേഷിനെ കീഴടക്കി പന്ത് വലയിലാക്കി.
രണ്ടാംപകുതിയുടെ തുടക്കത്തിൽതന്ന അദ്‌നാൻ ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിച്ചു. സച്ചിൻ സുരേഷിന്റെ കൃത്യമായ ഇടപെടലാണ് രണ്ടാം ഗോൾ വഴങ്ങുന്നതിൽനിന്ന് രക്ഷിച്ചത്. അടുത്ത നിമിഷം പ്രത്യാക്രമണം കണ്ടു. നോഹയുടെ ഷോട്ട് ധീരജ് തടഞ്ഞു. 51-ാം മിനിറ്റിൽ കളിഗതിക്കെതിരായി ബഗാൻ ലീഡുയർത്തി. ബ്ലാസ്‌റ്റേഴ്‌സ് തകർത്തുകളിച്ചെങ്കിലും സമനിലഗോൾ മാത്രം നേടാൻ കഴിഞ്ഞില്ല.