അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഡയമണ്ട് ജൂബിലി ആഘോഷം; പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നടന്നു

അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നടന്നു.
അടിമാലിയുടെ വിദ്യാഭ്യാസ മേഖലക്ക് കരുത്ത് പകര്‍ന്ന് ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഡയമണ്ട് ജൂബിലി നിറവിലാണ്. 1948ലാണ് സ്‌കൂള്‍ സ്ഥാപിതമായത്. എഴുപത്തഞ്ചാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മുതല്‍ ഒരു ദിവസം നീളുന്ന ആഘോഷപരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ആഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നടന്നു. അടിമാലി ഗ്രാമപഞ്ചായത്തംഗം ടി എസ് സിദ്ദിഖ് പരിപാടി ഉദ്ഘാടനം ചെയ്തു.
പൂര്‍വ്വ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളിലെ തങ്ങളുടെ പൂര്‍വ്വകാല ഓര്‍മ്മകള്‍ പങ്ക് വച്ചു. ചീഫ് കോഡിനേറ്റര്‍ സി എ ഏലിയാസ് അധ്യക്ഷത വഹിച്ചു. പൂര്‍വ്വ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുറമെ സംഘാടക സമിതി ഭാരവാഹികളും സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ ആളുകളും പരിപാടിയില്‍ പങ്കെടുത്തു. പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമത്തിന് ശേഷം സ്‌നേഹ വിരുന്ന് നടന്നു. രാത്രി വരെ നീളുന്ന ആഘോഷ പരിപാടികളാണ് സംഘാടക സമിതി ക്രമീകരിച്ചിട്ടുള്ളത്.