
മാങ്കുളം: ആനക്കുളം പേമരം വളവിൽ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചു. വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. ആനക്കുളത്ത് ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടയിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് തല കീഴായി പതിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ പ്രദേശവാസികൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു. മുമ്പ് ഈ വളവിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് ശേഷം ഇവിടെ വളവിന് വീതി വർധിപ്പിക്കുകയും ക്രാഷ് ബാരിയറുകളും അപകട മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണിപ്പോൾ വീണ്ടും പ്രദേശത്ത് അപകടം സംഭവിച്ചിട്ടുള്ളത്. പാതയോരത്തെ സുരക്ഷാവേലി തകർത്താണ് വാഹനം താഴേക്ക് പതിച്ചത്.