
നന്ദന്‍കോട് കൂട്ടക്കൊല കേസില്‍ വിധി മേയ് 6ന്. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേദല്‍ ജിന്‍സണ്‍ രാജയാണ് പ്രതി. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് കോടതിയില്‍ പ്രതി കേദല്‍ ജിന്‍സന്‍ രാജ വാദിച്ചു. കൊലപാതകം നടന്നപ്പോള്‍ താന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ആ സമയം ചെന്നെയില്‍ അലഞ്ഞ് നടക്കുകയായിരുന്നുവെന്നും കേദലിന്റെ വാദം. ഈ വാദത്തിന് തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
2017 ഏപ്രില്‍ 9ന് ക്ലിഫ് ഹൗസ് പരിസരത്തെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകങ്ങള്‍ നടന്നത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലാണ് പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൂന്നു മൃതദേഹങ്ങള്‍ കത്തിയ നിലയിലും ഒരെണ്ണം കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. വെട്ടിയും കഴുത്തറത്തും കൊന്നശേഷമായിരുന്നു കത്തിച്ചത്. കൊലകള്‍ക്ക് ശേഷം കേഡല്‍ ചെന്നൈയിലേക്ക് പോയി. അവിടെ നിന്നും തിരിച്ചെത്തിയശേഷമാണ് പൊലീസ് പിടിയിലായത്.