HealthKeralaLatest News

കോളറ :ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരത്ത് മരണമടഞ്ഞ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ രോഗ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ക്കെല്ലാവര്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി.

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.

രോഗം പകരുന്നത്:

സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.

രോഗ ലക്ഷണങ്ങള്‍:

പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതല്‍ ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.

കോളറ പ്രതിരോധം:

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക· ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്· ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക· ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകള്‍ നന്നായി കഴുകുക.· പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക· മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക· പരിസരം ശുചിയായി സൂക്ഷിക്കുക.· വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിയ്ക്കുക· ഒ.ആര്‍.എസ്. പാനീയം ഏറെ നല്ലത്· എത്രയും വേഗം ചികിത്സ തേടുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!