
മൂന്നാര്‍: മൂന്നാര്‍ മുതിരപ്പുഴയാര്‍ വീണ്ടും മാലിന്യവാഹിനിയാകുന്നു.മൂന്നാറിന്റെ ജീവനാഡിയാണ് മുതിരപ്പുഴ.മാലിന്യവാഹിനിയായിരുന്ന മുതിരപ്പുഴയെ പഞ്ചായത്തിന്റെ ഇടപെടലിലൂടെ ശുചീകരിക്കുകയും ഒഴുക്ക് സുഗമമാക്കുകയും ചെയ്തിരുന്നു.എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും പഴയപടിയിലേക്ക് പോകുന്നുവെന്നാണ് ആക്ഷേപം.

പ്ലാസ്റ്റിക്ക് മാലിന്യമടക്കം പുഴയിലേക്ക് നിക്ഷേപിക്കപ്പെടുന്ന സാഹചര്യമാണുള്ളത്.ശുചിമുറി മാലിന്യവും ഒഴുക്കുന്നു.ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ മുതിരപ്പുഴ വീണ്ടും പഴയപോലെ മാലിന്യവാഹിനിയാകുമെന്നാണ് പരാതി.കര്‍ശന നടപടി സ്വീകരിച്ചതോടെ മുതിരപ്പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.

വ്യാപാര ശാലകളില്‍ നിന്നടക്കം മാലിന്യം പുഴയിലേക്ക് തള്ളുന്ന സ്ഥിതിയായിരുന്നു മുമ്പുണ്ടായിരുന്നത്.നടപടി കടുപ്പിച്ചതോടെ ഇതിന് മാറ്റം സംഭവിച്ചു.പുഴയിലേക്ക് വീണ്ടും മാലിന്യം നിക്ഷേപിക്കുന്ന പ്രവണത വര്‍ധിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇത്തരക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.