
ദേശീയ സുരക്ഷയുടെ ഭാഗമായി രാജ്യം ചാര സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി. ചാരസോഫ്റ്റ്വെയര് ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാര്‍ത്ഥ ആശങ്ക നിലനില്‍ക്കുന്നതെന്നും പെഗാസസ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ചൊവ്വാഴ്ച സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇസ്രയേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരെ നിരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ചുള്ള കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പെഗാസസ് കേസുമായി ബന്ധപ്പെട്ട ടെക്നിക്കല്‍ പാനലിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും അത് രാജ്യസുരക്ഷയും പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ട് ഏത് പരിധിവരെ പുറത്തുവിടാമെന്നത് റിപ്പോര്‍ട്ട് കൃത്യമായി പരിശോധിച്ച ശേഷം ബെഞ്ച് തീരുമാനിക്കുമെന്നും കോടതി പറഞ്ഞു.
രാജ്യസുരക്ഷ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും അതിനുവേണ്ടി ചാര സോഫ്റ്റ്വെയര് ഉപയോഗിക്കുക എന്നത് തെറ്റായ കാര്യമല്ലെന്നും കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനാകില്ലെങ്കില്‍ പോലും ഇതില്‍ ഉള്‍പ്പെട്ടെന്ന് സംശയമുള്ള വ്യക്തികള്‍ക്ക് അവരുടെ പരാതികളും ആശങ്കകളും പരിഹരിച്ച് നല്‍കേണ്ടതാണെന്നും എന്നാല്‍ അതിനെ തെരുവില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമായി മാറ്റരുതെന്നും കോടതി പറഞ്ഞു.