
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന കൂട്ടമിറങ്ങി. ഇന്നലെ രാത്രിയില്‍ മൂന്നാര്‍ കുറ്റിയാര്‍വാലിക്ക് സമീപമാണ് കാട്ടാനകളെത്തിയത്. കുട്ടിയാനയടക്കം സംഘത്തിലുണ്ടായിരുന്നു. റോഡിലിറങ്ങിയ കാട്ടാനകള്‍ ഗതാഗത തടസ്സം തീര്‍ത്തു. പ്രദേശത്ത് കൂടിയെത്തിയ വാഹനങ്ങള്‍ അര മണിക്കൂറോളം റോഡില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം കോളനി ഭാഗത്ത് നിലയുറച്ചിച്ച കാട്ടാനക്കൂട്ടമാണ് രാത്രിയോടെ കുറ്റിയാര്‍വാലിയില്‍ എത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടുകൊമ്പന് പടയപ്പ ഒന്നിലധികം തവണ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. കന്നിമലയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊല്ലപ്പെട്ട ശേഷവും പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.

ആര് ആര് റ്റി സംഘത്തിന്റെ പ്രവര്‍ത്തനമുള്‍പ്പെടെ കൂടുതല്‍ കാര്യക്ഷമമാക്കി എന്ന് വനംവകുപ്പാവര്ത്തിക്കുമ്പോഴും ജനവാസ മേഖലയില്‍ നിന്നും കാട്ടാനകള്‍ പിന്‍വാങ്ങാത്തത് കുടുംബങ്ങളില്‍ ഇപ്പോഴും ആശങ്ക നിലനിര്‍ത്തുന്നു.