മാലിന്യം നിറഞ്ഞ ഓടകളും കൈത്തോടുകളും ശുചീകരിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല

അടിമാലി: അടിമാലി ടൗണ്‍ പരിസരത്തെ മാലിന്യം നിറഞ്ഞ ഓടകളും കൈത്തോടുകളും ശുചീകരിക്കുമെന്ന ഗ്രാമപഞ്ചായത്തിന്റെ പ്രഖ്യാപനം നടപ്പായില്ല. ടൗണ്‍പരിസരത്തെ ഓടകളും കൈത്തോടുകളും മാലിന്യം നിറഞ്ഞ അവസ്ഥയിലാണെന്ന പരാതി കഴിഞ്ഞ കുറച്ച് നാളുകളായി ഉയരുന്നതാണ്. പരാതി വ്യാപാകമാകുകയും വ്യാപാരികളില്‍ നിന്നടക്കം പ്രതിഷേധം ഉയരുകയും ചെയ്തതോടെ മാലിന്യം നിറഞ്ഞ ഓടകളും കൈത്തോടുകളും ശുചീകരിക്കുമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനവും ഉണ്ടായി. എന്നാല്‍ പ്രഖ്യാപനത്തിനപ്പുറം ഇപ്പോഴും കൈത്തോടുകളും ഓടകളുമെല്ലാം മാലിന്യം നിറഞ്ഞ് തന്നെ കിടക്കുന്നു .
മാലിന്യം നിറഞ്ഞ് വെള്ളമൊഴുകാന്‍ പോലും പാടുപെടുന്ന സ്ഥിതിയിലാണ് പല ഓടകളും കൈത്തോടുകളുമുള്ളത്. ഇവിടെ നിന്നെല്ലാം അസഹനീയമായ ദുര്‍ഗന്ധമുയരുകയും കൊതുക് ശല്യം രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. മഴ പെയ്യുന്നതോടെ ഓടകളിലും തോടുകളിലുമെല്ലാം കെട്ടികിടക്കുന്ന പ്ലാസ്റ്റിക് മാലിന്യമടക്കം ഒഴുകി ദേവിയാര്‍ പുഴയിലേക്കെത്തും. മഴക്കാലം തൊട്ടരികില്‍ നില്‍ക്കെ ടൗണിനെ പൂര്‍ണ്ണതോതില്‍ ശുചിത്വവല്‍ക്കരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.