കലിതുള്ളി കാലവര്‍ഷം;വിവിധ ജില്ലകളിൽ വ്യാപക നാശം, പാമ്പാടുംപാറയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു; മലയോര മേഖലയിൽ മണ്ണിടിച്ചിൽ

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു. വിവിധ ജില്ലകളിലായി പത്തിലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തിൽ മിന്നൽ ചുഴലിയുണ്ടായി. ചുഴലിയെ തുടര്‍ന്ന് പമ്പ് ഹൗസ് തകര്‍ന്നു.
മോട്ടോര്‍ ഷെഡ്ഡിന്‍റെ മേൽക്കൂര പറന്നുപോയി. ട്രസ്സ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ ഇളകിത്തെറിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. 100 ഏക്കർ വരുന്ന തോട്ടുപുര പാടശേഖരത്തിലെ മോട്ടോർ പുരയ്ക്കാണ് നാശമുണ്ടായത്. ഇടുക്കി മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. മലപ്പുറം മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. ഇന്ന് മറ്റു 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി
ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതി ആണ് മരിച്ചത്. രാമക്കൽമേട് തോവാളപടിയിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയ കാർ തലകീഴായി മറിയുകയായിരുന്നു. ദേശീയപാത നവീകരണം നടക്കുന്ന അടിമാലി -കരടിപ്പാറ മേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ. മൂന്നാറിലേക്കുള്ള വാഹനങ്ങൾ ഇരുട്ടുകാനം വഴി തിരിഞ്ഞു പോകാൻ നിർദേശം നൽകി. മണ്ണ് മാറ്റാൻ ശ്രമം തുടങ്ങി.
തൃശൂര്‍
കനത്ത മഴയിൽ തൃശൂർ ചെന്ത്രാപ്പിന്നി പപ്പടം നഗറിൽ വെള്ളം കയറി. മുപ്പതോളം വീടുകൾ വെള്ളത്തിൽ തുടർച്ചയായി പെയ്ത മഴയിലാണ് തോട് കവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലായത്. ദേശീയപാത ചെന്ത്രാപ്പിന്നി ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് വെള്ളം ഒഴുകി പോകുന്ന തോടുകൾ അടഞ്ഞു കിടക്കുന്നതും വെള്ളക്കെട്ടിന് കാരണമായി. പപ്പടം നഗറിലേക്കുള്ള റോഡും വെള്ളം കയറി.
തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് മരക്കൊമ്പ് വീണു. ജാം നഗറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. രാവിലെ 10:30 യോടായിരുന്നു അപകടം. ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തൃശൂർ കാര്യാട്ടുകരയിൽ വീടിനു മുകളിൽ തെങ്ങു വീണു. പുഴക്കൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഗോപിയുടെ വീടിന് മുകളിലേക്കാണ് മരം വീണത്. വീടിന്‍റെ രണ്ടാമത്തെ നിലയിലേക്ക് വീടിന്റെ പുറകിലായി നിന്നിരുന്ന മരം വീഴുകയായിരുന്നു
വയനാട്
മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ വയനാട്ടിലെ വൈത്തിരി ഫെസ്റ്റ് നിർത്തിവെച്ചു. ഈ മാസം 31 വരെ നടക്കാനിരിക്കെയാണ് ഫെസ്റ്റ് നിർത്തിയത്. മുത്തങ്ങയില്‍ വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിന് കുറുകെ മരം വീണു. അപകടകരമായ കടന്ന് പോകാൻ ശ്രമിച്ച കെഎസ്ആർടി ബസ് അല്‍പ്പനേരം മരത്തിനിടയില്‍ കുടുങ്ങി. വയനാട് സുൽത്താൻ ബത്തേരിയിൽ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാർത്ഥിനിക്ക് പരുക്കേറ്റു. കേണിച്ചിറ പുരമടത്തിൽ സുരേഷിന്റെ മകൾ നമിതക്കാണ് പരുക്കേറ്റത്. വയനാട്ടിൽ എൻ ഡി ആർ എഫിന്റെ 28 അംഗസംഘമെത്തി. മഴയിൽ മടക്കിമല ഗവൺമെൻറ് സ്കൂളിന്‍റെ ചുറ്റുമതിൽ 20 മീറ്ററോളം ഇടിഞ്ഞു.
എറണാകുളം
മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിന്‍റെ നാല് ഷട്ടറുകൾ ഉയർത്തി.സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
കണ്ണൂര്‍
കണ്ണൂർ ആലക്കോട് കനത്ത മഴയിൽ രണ്ട് വീടുകൾ തകർന്നു. ആർക്കും പരുക്കില്ല. പുലർച്ച രണ്ടു മണിയോടെയായിരുന്നു അപകടം.കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ കൂടുതൽ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞു റോഡിലേക്ക് പതിച്ചു. ഇന്നലെ രാത്രി മണ്ണിടിഞ്ഞതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്.
മലപ്പുറം
മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായി. മുന്‍കരുതലിന്‍റെ ഭാഗമായി അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു മലപ്പുറം പറപ്പൂർ ചോലക്കുണ്ടിൽ ശക്തമായമഴയിൽ മണ്ണിടിച്ചിലുണ്ടായി. ഒരു വീട് പൂർണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു. നിർമ്മാണത്തിലിരിക്കുന്ന പണി പൂർത്തിയായ വീടാണ് തകർന്നത് സമീപത്തെ വീട്ടിലെ ഒരു സ്ത്രീക്ക് കാലിനു പരിക്കേറ്റു.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. പമ്പ ചാലക്കയം റോഡിലും വടശ്ശേരിക്കര ചിറ്റാർ റോഡിലും മരങ്ങൾ വീണ് ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. പ്ലാപ്പള്ളി ആങ്ങമൂഴി റോഡിൽ മരം കാറിനു മുകളിൽ വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊല്ലം
കൊല്ലത്ത് കിഴക്കൻമലയോര മേഖലയിലും നഗരപ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി പുനലൂർ കോട്ടവട്ടം സ്വദേശി ജോസിന്‍റെ വീട്ടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണു. ആർക്കും പരുക്കില്ല. കൊട്ടാരക്കരയിലും വീടിന് മുകളിലേക്ക് മരം വീണു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കൊല്ലം ഏരൂരില്‍ മരം വീണ് രണ്ടു വീടുകൾക്ക് നാശനഷ്ടമുണ്ടായി. നെട്ടയം സ്വദേശികളായ ബാലന്‍റെയും സതിയുടെയും വീടുകൾക്ക് മുകളിലാണ് മരങ്ങൾ വീണത്. വീടുകളുടെ മേല്‍ക്കൂര തകർന്നു. കുളത്തൂപ്പുഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ബിനുവിന്‍റെ വീടാണ് തകര്‍ന്നത്. വീട്ടുകരണങ്ങളും നശിച്ചു.
ആലപ്പുഴ
ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും രണ്ടിടങ്ങളിലായി മരം വീണ് വീട് തകർന്നു. കുറുങ്ങാട് റംലത്തിൻ്റെ വീടാണ് രാത്രിയിൽ തകർന്നു വീണത്. കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു.
പാലക്കാട്
കനത്ത മഴയിൽ പാലക്കാട് കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം കിഴക്കേത്തോട് പാലത്തിൽ മണ്ണിടിച്ചിൽ;ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റപ്പാലത്തു നിന്നും പാലപ്പുറം ഭാഗത്തേക്ക് പോകുമ്പോൾ പാലത്തിൻറെ ഇടതുഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ അർദ്ധരാത്രി ഒറ്റപ്പാലം എം എൽ എ ഉൾപ്പെടുന്നവർ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു