
കാരയൂർ ചന്ദന റിസർവ്വിലും സ്വകാര്യ ഭൂമികളിലുമായി നിന്നിരുന്ന പത്തിലധികം ചന്ദന മരങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ മോഷണം പോയതായാണ് വിവരം. വനപാലകരുടെ നിരീക്ഷണം അധികമായി എത്താത്ത ഇടങ്ങളിൽ നിന്നും ചെറുമരങ്ങൾ തന്നെ മുറിച്ചു കടത്തപ്പെടുന്നുവെന്ന ആക്ഷേപം ഉയരുന്നു.
ചെറുവാൾ ഉപയോഗിച്ച് മുറിച്ച്, ശിഖരങ്ങളിൽ കയറു കെട്ടി വീഴ്ത്തി തടി കടത്തികൊണ്ടു പോകുന്നതാണ് രീതിയെന്നാണ് വിവരം. മുറിച്ചു മാറ്റുന്ന മിക്ക മരങ്ങളുടെയും വേരുകളും മാന്തി കടത്തിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുവാനോ തുടർ മോഷണങ്ങൾ തടയുവാനോ ബന്ധപ്പെട്ട വകുപ്പ് ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു. നിലവിൽ ഈ പ്രദേശത്തെ ഭൂരിഭാഗം ചന്ദന മരങ്ങളും മോഷ്ടിച്ച് കടത്തപ്പെട്ട സാഹചര്യമുണ്ടെന്നും അവശേഷിക്കുന്ന മരങ്ങൾ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ഇതുമായി ബന്ധപ്പെട്ടുയരുന്ന ആവശ്യം.