
മൂന്നാർ : മൂന്നാറിന്റെ പ്രവേശന കവാടമായ ആനച്ചാല്‍ ടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. വേഗത്തില്‍ വളരുന്ന ജില്ലയിലെ ടൗണുകളില്‍ ഒന്നാണ് ആനച്ചാല്‍.തിരക്കുള്ള ദിവസങ്ങളിലെ ഗതാഗതകുരുക്കാണ് ആനച്ചാല്‍ ടൗണ്‍ നേരിടുന്ന വെല്ലുവിളി. വിനോദ സഞ്ചാരികളേറുന്നതോടെ വാഹനപ്പെരുപ്പത്താല്‍ ടൗണില്‍ കുരുക്ക് മുറുകും. കാല്‍നടയാത്രികര്‍ക്കും ടൗണിലെ ഓട്ടോ ടാക്സി തൊഴിലാളികള്‍ക്കുമൊക്കെ തിരക്കുള്ള ദിവസങ്ങളിലെ അഴിയാത്ത കുരുക്ക് വലിയ ബുദ്ധിമുട്ട് ജനിപ്പിക്കുന്നുണ്ട്.
ആനച്ചാല്‍ ഇരുട്ടുകാനം,ആനച്ചാല്‍ രണ്ടാംമൈല്‍,ആനച്ചാല്‍ മുതുവാന്‍കുടി റോഡുകള്‍ സംഗമിക്കുന്ന ടൗണിന് മധ്യഭാഗത്ത് പലപ്പോഴും വാഹനയാത്രികര്‍ തമ്മിലുള്ള വാക്ക് തര്‍ക്കം പതിവാണ്. പാര്‍ക്കിംഗിന് മതിയായ ഇടമില്ലാത്തതാണ് ടൗണ്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ടൗണിലൂടെ കടന്നു പോകുന്ന ബസുകള്‍ ആളുകളെ കയറ്റാനും ഇറക്കാനും പാടുപെടുന്നുണ്ട്. പാര്‍ക്കിംഗിന് ഇടമില്ലാതെ വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നത് വ്യാപാരികള്‍ക്കും തിരിച്ചടിയാണ്. ടൗണിനോട് ചേർന്നുള്ള ആൽത്തറ ജംഗ്ഷൻ ഭാഗത്തും തിരക്കേറുന്നതോടെ അഴിയാ കുരുക്കാണ്. ഇത് കുഞ്ചിത്തണ്ണി ഭാഗത്ത് നിന്ന് ആഡിറ്റ് കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് വെല്ലുവിളിയാകുന്നു. ആനച്ചാൽ രണ്ടാംമൈൽ റോഡിലെ ഗതാഗത കുരുക്കും പ്രതിസന്ധിയാകുന്നുണ്ട്. തിരക്കേറുന്ന സമയങ്ങളില്‍ ആനച്ചാലിലും സമീപ പ്രദേശങ്ങളിലുമുണ്ടാകുന്ന ഗതാഗതകുരുക്കഴിക്കാനുള്ള ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് ആവശ്യം.