അടിമാലി താലൂക്കാശുപത്രിക്കായി അനുവദിച്ച കാത്ത് ലാബ് പ്രവർത്തനക്ഷമമാകുന്നത് വൈകുന്നു.

അടിമാലി : ദേവികുളം, ഉടുമ്പൻചോല തുടങ്ങി രണ്ട് താലൂക്കുകളിലെ ആളുകൾ ചികിത്സക്കായി ഉപയോഗിക്കുന്ന ചികിത്സാലയമാണ് അടിമാലി താലൂക്കാശുപത്രി. തോട്ടം മേഖലയിലേയും ആദിവാസി ഇടങ്ങളിലേയുമൊക്കെ സാധാരണക്കാരായ ആളുകളും ചികിത്സ തേടി അടിമാലി താലൂക്കാശുപത്രിയിൽ എത്തുന്നു. ആശുപത്രിയിൽ കൂടുതൽ വിദഗ്ത ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ കെട്ടിടത്തിനായി തുക അനുവദിച്ചതും കാത്ത് ലാബിനായുള്ള സ്ഥല സൗകര്യം ഒരുക്കിയതും.എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും കാത്ത് ലാബ് ആശുപത്രിയിൽ യാഥാർത്ഥ്യമായിട്ടില്ല
കാത്ത് ലാബിൻ്റെയും മറ്റും സേവനം പ്രയോജനപ്പെടുത്തേണ്ട രോഗികൾ ഇപ്പോഴും അയൽ ജില്ലകളിലെ ആശുപത്രികളെയാണ് ഇപ്പോഴും ആശ്രയിച്ച് വരുന്നത്. കാത്ത് ലാബുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ടുന്ന പ്രധാന നിയമനങ്ങളും അനുബന്ധ നിയമനങ്ങളും നടക്കാത്തത് കാത്ത് ലാബിൻ്റെ പ്രവർത്തനം ആരംഭിക്കുന്നതിന് കാലതാമസം വരുത്തുന്നതായാണ് വിവരം. കാത്ത് ലാബിലേക്കാവശ്യമായ സാധന സാമഗ്രികളും പൂർണ്ണമായി എത്തിയിട്ടില്ല.ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ടവരുടെ ഇടപെടൽ ഉണ്ടാവുകയും കാത്ത് ലാബ് വേഗത്തിൽ യാഥാർത്ഥ്യമാക്കുകയും വേണമെന്നാണ് ആവശ്യം.