ഹെലികോപ്റ്റർ കാണാനുള്ള ആവേശത്തിൽ ഓടിക്കയറി: ആട്ടു പാലം ദുരന്തം കണ്ണീരോർമകൾക്ക് 42 വയസ്സ്…

ഹെലികോപ്റ്റർ കാണാനുള്ള ആവേശത്തിൽ ഓടിക്കയറിയ ആട്ടു പാലം തകർന്ന് 14 കുരുന്നുകൾ ജീവൻ വെടിഞ്ഞ ദുരന്തത്തിന് വെള്ളിയാഴ്ച 42 വയസ്സ്.പതിവു തെറ്റിക്കാതെ ഇത്തവണയും ഭുരന്തഭൂമിയിൽ പൂർവ വിദ്യാർഥികളും ബന്ധുക്കളും ഒത്തുചേർന്ന് അനുസ്മരണ പരിപാടികൾ നടത്തുന്നുണ്ട്. 1984 നവംബർ 7 നാണ് മൂന്നാറിനെ നടുക്കിയ ആ ദുരന്തമുണ്ടായത്. ആട്ടുപാലം തകർന്ന് പഴയ മൂന്നാർ ഗവ സ്കൂളിൽ പഠിച്ചിരുന്ന 14 കുട്ടികളാണ് ദുരന്തത്തിൽ മരിച്ചത്. പുഴയിൽ വീണ 200 കുട്ടികളെയാണ് അന്ന് ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തിയത്.രാവിലെ 11.30നായിരുന്നു ദുരന്തം. സ്കൂളിലെ ഇന്റർവെൽ സമയത്ത് ഹൈറേഞ്ച് ക്ലബ് മൈതാനത്ത് പറന്നിറങ്ങാനായി വട്ടമിട്ടു പറന്ന ഹെലികോപ്റ്റർ അടുത്തു കാണാനായി കുട്ടികൾ ഒരുമിച്ച് മൈതാനത്തിന് സമീപമുള്ള ആട്ടുപാലത്തിലേക്ക് ഓടിക്കയറി..
അമിതഭാരം താങ്ങാനാകാതെ പാലം തകർന്ന് മുതിരപ്പുഴയിലേക്ക് പതിക്കുകയായിരുന്നു.ദുരന്തത്തിനു ശേഷം എല്ലാവർഷവും തമിഴ്നാട്ടിൽ നിന്നുള്ള ബന്ധുക്കളും സ്കൂളിലെ പൂർവ വിദ്യാർഥികളും ദുരന്ത സ്ഥലത്ത് കുട്ടികളുടെ പേരുകൾ രേഖപ്പെടുത്തിയ ഫലകത്തിനു മുൻപിൽ അനുസ്മരണ ചടങ്ങുകൾ നടത്താറുണ്ട്. ഇത്തവണയും പതിവു തെറ്റിക്കാതെ വെള്ളിയാഴ്ച രാവിലെ ഇവിടെ അനുസ്മരണ ചടങ്ങ് നടക്കും.



