
അടിമാലി : അടിമാലിയിലും പരിസരപ്രദേശങ്ങളിലും മോഷണങ്ങളും മോഷണശ്രമങ്ങളും വര്‍ധിക്കുന്നത് ആളുകളില്‍ ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസം ടൗണിലെ വ്യാപാര സ്ഥാപനത്തിലും രാത്രിയില്‍ ടൗണ്‍ പരിസരത്തെ ഒരു ആരാധനാലയത്തിലും മോഷണ ശ്രമം നടന്നു. ആളുകളില്‍ ആശങ്ക വര്‍ധിച്ചിട്ടുള്ള സാഹചര്യത്തില്‍ പോലീസ് പട്രോളിംഗ് കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നാണ് ആവശ്യം. അടിമാലിയും സമീപ പട്ടണങ്ങളും ക്യാമറാനിനീരീക്ഷണത്തിലാണെങ്കിലും അടിമാലി ടൗണിലുള്‍പ്പെടെ മോഷണങ്ങളും മോഷണശ്രമങ്ങളും ആവര്‍ത്തിക്കുന്ന സാഹചര്യമാണ്.
തസ്‌ക്കര ശല്യം വര്‍ധിച്ചതോടെ ആളുകളില്‍ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ഇരുമ്പുപാലം, പത്താംമൈല്‍ മേഖലകളിലും മുമ്പ് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ മാസം അടിമാലി ടൗണില്‍ മോഷണം നടത്തിയ ഒരാളെ അടിമാലി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മോഷണ സംഭവങ്ങള്‍ വര്‍ധിച്ചതോടെ ഉള്‍മേഖലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്ന ആളുകളിലും ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ടൗണ്‍ പരിസരങ്ങളില്‍ മാത്രമല്ല ഇടവഴികളിലും ടൗണിന്റെ സമീപ ഗ്രാമങ്ങളിലും രാത്രികാല പോലീസ് പെട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും ആവശ്യമുണ്ട്.