മൂന്നാര്‍ ടൗണില്‍ ഫ്രൂട്ട്സ് മാര്‍ക്കറ്റിന് സമീപത്തെ അനധികൃത പാര്‍ക്കിംഗ് പ്രതിസന്ധിയാകുന്നു

മൂന്നാര്‍: മൂന്നാര്‍ ടൗണിലെ അനധികൃത പാര്‍ക്കിംഗ് എക്കാലത്തും പരാതികള്‍ക്ക് ഇടവരുത്തുന്നതാണ്. ടൗണിലേക്കെത്തുന്ന തദ്ദേശിയരായവരും വിനോദ സഞ്ചാരികളുമൊക്കെ തോന്നും പടി തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു പോകുന്നതാണ് പ്രതിസന്ധിയാകുന്നത്. ഇത് പലപ്പോഴും ഗതാഗതകുരുക്കിന് ഇടവരുത്താറുണ്ട്. ഇതിനൊപ്പമാണിപ്പോള്‍ ടൗണില്‍ ഫ്രൂട്ട്സ് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്ന ചുമട്ടുതൊഴിലാളികളും പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഫ്രൂട്ട്സ് മാര്‍ക്കറ്റിന് സമീപം റോഡരികില്‍ വാഹനങ്ങള്‍ തോന്നുംപടി പാര്‍ക്ക് ചെയ്തു പോകുന്ന സ്ഥിതിയുണ്ട്.
വിനോദ സഞ്ചാര വാഹനങ്ങളടക്കം ഇവിടെ പാര്‍ക്ക് ചെയ്യുന്നതോടെ ചരക്കുമായി വരുന്ന വാഹനങ്ങള്‍ നിര്‍ത്താനോ ലോഡിറക്കാനോ കഴിയാത്ത സ്ഥിതിയുണ്ടെന്ന് ചുമട്ടുതൊഴിലാളികള്‍ പരാതി ഉന്നയിക്കുന്നു. റോഡരികിലെ അനധികൃത പാര്‍ക്കിംഗ് ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴിലെടുക്കാന്‍ തടസ്സം സൃഷ്ടിക്കുന്നതിനൊപ്പം ഈ പ്രദേശത്തെ വ്യാപാരികള്‍ക്കും അനധികൃത പാര്‍ക്കിംഗ് പ്രതിസന്ധിയാകുന്നുണ്ട്. ടൗണിലും പരിസരപ്രദേശങ്ങളിലും വേണ്ടവിധം പാര്‍ക്കിംഗിന് സൗകര്യമില്ലാത്തതാണ് മൂന്നാര്‍ ടൗണ്‍ നേരിടുന്ന പ്രധാനവെല്ലുവിളി. തങ്ങള്‍ നേരിടുന്ന വിഷയത്തില്‍ പ്രശ്ന പരിഹാരം വേണമെന്ന ആവശ്യം ചുമട്ടുതൊഴിലാളികളും വ്യാപാരികളും മുമ്പോട്ട് വയ്ക്കുന്നു.