
അടിമാലി: കിണറ്റിലേക്ക് പതിച്ചയാള്‍ക്ക് തുണയായി അടിമാലി അഗ്നിരക്ഷാ സേന. അടിമാലി പൊളിഞ്ഞപാലം പ്രിയദര്‍ശിനി കോളനി സ്വദേശി രാമനാണ് അടിമാലി വിവേകാനന്ദ നഗറിന് സമീപം കിണര്‍ വൃത്തിയാക്കുന്നതിനിടെ അബന്ധത്തില്‍ കിണറ്റില്‍ വീണത്. 70 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നാല് അടിയോളം വെള്ളമുണ്ടായിരുന്നു. കിണര്‍ വൃത്തിയാക്കുന്നതിനിടെ കയറില്‍ നിന്ന് അബന്ധത്തില്‍ കൈവിട്ട് രാമന്‍ താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അടിമാലി അഗ്‌നി രക്ഷാ നിലയത്തിലെ സേനാംഗങ്ങള്‍ സ്ഥലത്ത് എത്തി.
സേനാംഗങ്ങളിലൊരാള്‍ കിണറ്റില്‍ ഇറങ്ങുകയും റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്താല്‍ പരിക്കേറ്റ രാമനെ കിണറ്റില്‍ നിന്നും കരക്ക് എത്തിക്കുകയും ചെയ്തു. വീഴ്ച്ചയില്‍ പരിക്ക് സംഭവിച്ച യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് സ്‌ക്യു ഓഫീസര്‍ അനീഷ് പി ജോയ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വില്‍സണ്‍ പി കുര്യാക്കോസ്, അരുണ്‍ പി എസ് ഷാനവാസ് പി എം, ബിനീഷ് തോമസ്, ജോബിന്‍ ടി ജോസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.