നേര്യമംഗലം വനമേഖലയില്‍ ദേശിയപാത നിര്‍മ്മാണം നിലച്ചിട്ട് മാസങ്ങള്‍;എന്ന് തീരും ഈ ദുരിതം??

അടിമാലി: ദേശിയപാത 85ല്‍ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന പരാതിയുമായി ദേശിയപാത സംരക്ഷണ സമിതി രംഗത്ത്. ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ടിട്ട് മാസങ്ങള്‍ കഴിയുകയാണ്. നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ട ശേഷം നടന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ നിര്‍മ്മാണ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഹൈക്കോടതി ചീഫ് സെക്രട്ടറിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവുകയോ മുമ്പോട്ട് പോക്ക് ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ദേശിയപാത സംരക്ഷണ സമിതി ആരോപിക്കുന്നു.
വനമേഖലയില്‍ നിര്‍മ്മാണത്തിനെത്തിയ കരാര്‍ കമ്പിനിയെ വനംവകുപ്പ് തടയുന്ന സാഹചര്യമാണുള്ളതെന്നും ഇതേ നിലപാട് തുടര്‍ന്നാല്‍ വീണ്ടും ജനകീയ സമരവുമായി രംഗത്ത് വരേണ്ടി വരുമെന്നും ദേശിയപാത സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കുന്നു. വാളറ മുതല്‍ നേര്യമംഗലം വരെയുള്ള ഭാഗത്തെ നിര്‍മ്മാണ ജോലികളാണ് മാസങ്ങളായി മുടങ്ങി കിടക്കുന്നത്. നിര്‍മ്മാണ ആരംഭത്തില്‍ പാതയോരത്ത് നിന്ന് മണ്ണ് നീക്കുകയും ഓടകളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു നിര്‍മ്മാണം തടസ്സപ്പെട്ടത്.
ദേശിയപാതയില്‍ മറ്റ് ഭാഗങ്ങളില്‍ ദൃതഗതിയില്‍ നിര്‍മ്മാണം മുമ്പോട്ട് പോകുന്നുണ്ട്. ഏറ്റവും അടിയന്തിരമായി നിര്‍മ്മാണ നടക്കേണ്ടുന്ന ഭാഗത്താണ് തടസ്സവാദം പ്രതിസന്ധി തീര്‍ത്തിട്ടുള്ളത്. ഇതിനോടകം വിഷയത്തില്‍ നിരവധി സമരങ്ങള്‍ നടന്നു കഴിഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ദേശിയപാത സംരക്ഷണ സമിതിയുടെ ആവശ്യം.



