
അടിമാലി: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് ഏലത്തോളം പ്രതീക്ഷ നല്‍കി ഒരു കൃഷിയായിരുന്നു വാനില കൃഷി. വാനിലയുടെ അപ്രതീക്ഷിത വില വര്‍ധനവായിരുന്നു കര്‍ഷകരെ കൃഷിയിലേക്കാകര്‍ഷിച്ചത്. വലിയ തോതില്‍ കര്‍ഷകര്‍ പലരും വാനില കൃഷിയിലേക്ക് തിരിഞ്ഞു. എന്നാല്‍ നല്ല സമയം അധികനാള്‍ നീണ്ടില്ല. വാനിലയുടെ വില കുത്തനെ കൂപ്പുകുത്തി. ഇതോടെ ഹൈറേഞ്ചില്‍ നിന്നും വാനില കൃഷിയുടെ പടിയിറക്കവും ആരംഭിച്ചു. വാനിലയിന്ന് ചുരുക്കം ചില കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ മാത്രമാണ് ഉള്ളത്.
മുമ്പ് പൊന്നും വിലയായതോടെ കായ മോഷണവും വാനിലയുടെ തണ്ട് മോഷണവും വരെ നടന്നു. എന്നാല്‍ പ്രൗഡി മങ്ങിയ വാനില കൃഷി മലയോരത്തിന്ന് വിസ്മൃതിയുടെ വഴിയിലാണ്. വിലയിടിവിനൊപ്പം പൂക്കള്‍ പരാഗണം ചെയ്യുന്നതിലും മറ്റുമുള്ള ബുദ്ധിമുട്ടും വാനില കൃഷിയുടെ പിന്നോട്ട് പോക്കിനുള്ള കാരണങ്ങളില്‍ ഒന്നായി ചൂണ്ടികാണിക്കപ്പെടുന്നു.
കൃഷി പാടേ പടിയിറങ്ങിയതോടെ ഉത്പാദിപ്പിക്കപ്പെടുന്ന വാനില വിറ്റഴിക്കാനുള്ള വിപണി കണ്ടെത്തുന്നതിലും ഈ മേഖലയില്‍ തുടരുന്ന കര്‍ഷകര്‍ ഇന്ന് പ്രതിസന്ധി നേരിടുന്നുണ്ട്. വില വര്‍ധനവിനൊപ്പം വിലയില്‍ സ്ഥിരത കൂടിയുണ്ടായാല്‍ മാത്രമെ വാനിലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാകു.