
കോതമംഗലം : നാളെ ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേക്കടവിൽ നിന്നും കോട്ടയം വൈക്കം ബീച്ച് വരെയുള്ള 9 കിലോമീറ്റർ ദൂരം ആഴമേറിയ വേമ്പനാട്ട് കായൽ കൈകാലുകൾ ബന്ധിച്ച് നീന്താൻ ശ്രമിക്കുകയാണ് കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് വീട്ടിലെ രഘുനാഥ് ആതിര ദമ്പതികളുടെ മകനുമായ ദേവദർശൻ.
9 വയസുള്ള ബാലനെ ഈ ഉദ്യമത്തിനു പ്രാപ്തനാക്കുന്നത് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിൻ്റെ പരിശീലകൻ ശ്രീ ബിജു തങ്കപ്പനാണ്. ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് ഈ കൊച്ചു മിടുക്കൻ. ചുരുങ്ങിയ കാലം കൊണ്ട് നീന്തലിൽ മികച്ച പ്രകടനമാണ് ദേവദർശൻ കാഴ്ച വെച്ചത്.
വളരെ കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിലാണ് ദേവദർശൻ പരിശീലനം പൂർത്തിയാക്കിയത്. വേമ്പനാട്ട് കായലിൻ്റെ ഏറ്റവും വീതി ഏറിയ ഭാഗത്താണ് ദേവദർശൻ നീന്താൻ ശ്രമിക്കുന്നത് . ആദ്യമായിട്ടാണ് 9 വയസ്സുകാരൻ വേമ്പനാട്ട് കായലിലെ 9 കിലോമീറ്റർ ദൂരം കൈകാലുകൾ ബന്ധിച്ച് നീന്തി റെക്കോർഡ് ഇടാൻ ശ്രമിക്കുന്നത്.



