മൂന്നാറിലും പരിസരപ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷസുരക്ഷാ, ആരോഗ്യ വിഭാഗങ്ങള്‍

മൂന്നാര്‍: മധ്യവേനല്‍ അവധിയാരംഭിച്ചത് മുതല്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇക്കാരണം കൊണ്ടു തന്നെ ചെറുകിട ഭക്ഷണവില്‍പ്പന ശാലകളില്‍ മുതല്‍ വന്‍കിട ഹോട്ടലുകളില്‍ വരെ സഞ്ചാരികളുടെ തിരക്കനുഭവപ്പെടുന്നുണ്ട്. വഴിയോരങ്ങളിലടക്കം ലഘു ഭക്ഷണ ശാലകളുടെ എണ്ണവും വലിയ തോതില്‍ വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷസുരക്ഷാ, ആരോഗ്യ വിഭാഗങ്ങള്‍ തീരുമാനം കൈകൊണ്ടിട്ടുള്ളത്.
മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ഭക്ഷണ വില്‍പ്പന ശാലകളില്‍ ശുചിത്വവും ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ഉറപ്പുവരുത്തുവാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് നീക്കം. മൂന്നാറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ചില പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഭക്ഷസുരക്ഷാ, ആരോഗ്യ വിഭാഗങ്ങളുടെ ഇടപെടല്‍. ഭക്ഷണ വില്‍പ്പനശാലകളുടെ പരിസര ശുചിത്വവും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നതിന്റെയും പാചകം ചെയ്യുന്നതിന്റെയും സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതായുണ്ട്. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഹോട്ടലുകളും വഴിയോര ഭക്ഷണവില്‍പ്പന ശാലകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതായുണ്ട്. ഹോട്ടലുകളിലും വഴിയോര വില്‍പ്പന കേന്ദ്രങ്ങളിലും തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ശുചിത്വവും പരിശോധനക്ക് വിധേയമാക്കും.
ആരോഗ്യവകുപ്പ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഭക്ഷണവില്‍പ്പന നടക്കുന്നതെന്ന് ഉറപ്പുവരുത്തനാണ് ഭക്ഷസുരക്ഷാ, ആരോഗ്യ വകുപ്പുകള്‍ തയ്യാറെടുക്കുന്നത്.