KeralaLatest NewsLocal news

അതിജീവനത്തിന്റെ ചരിത്രമോതുന്ന കുടിയേറ്റ സ്മാരക വില്ലേജ് 17 ന് തുറക്കും

ഇടുക്കി ജില്ലയുടെ കുടിയേറ്റത്തിന്റെയും കുടിയേറ്റക്കാരുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ (മൈഗ്രെഷന്‍ മോണുമെന്റ്സ് ടൂറിസം വില്ലേജ്) ഉദ്ഘാടനം മെയ് 17 രാവിലെ 10.30 ന് ഇടുക്കി പാര്‍ക്കില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇന്‍സ്റ്റലേഷന്‍ ഓഫ് ഫോട്ടോ ഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് ഇടുക്കി പദ്ധതിയുടെ ഉദ്ഘാടനം ഹില്‍ വ്യൂ പാര്‍ക്കിലും മന്ത്രി നിര്‍വഹിക്കും.

ഇടുക്കി ആര്‍ച്ച് ഡാമിന് സമീപമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്. മലബാറില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നും ഇടുക്കിയുടെയും കോട്ടയത്തിന്റെയും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റ കര്‍ഷകരുടെ പരീക്ഷണങ്ങളും പ്രയാസങ്ങളും വില്ലേജിലെ ഏകവര്‍ണ്ണ നിറത്തിലുള്ള ഉയര്‍ന്ന ശില്‍പ്പങ്ങളിലൂടെയും ഇന്‍സ്റ്റലേഷനുകളിലൂടെയും വിനോദസഞ്ചാരികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാനപദ്ധതിയോട് ചേര്‍ന്നുള്ള അഞ്ച് ഏക്കറിലാണ് വില്ലേജ്. പത്ത് കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019 ലാണ് അനുമതി നല്‍കിയത്. ഒന്നാം ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇടുക്കിയുടെ മലമടക്കുകളിലേക്ക് ആരംഭിച്ച കര്‍ഷക കുടിയേറ്റത്തിന്റെയും കുടിയിറക്ക് നീക്കങ്ങളുടെയും തുടര്‍ന്നുള്ള ജീവിതത്തിന്റെയും സ്മരണകളുണര്‍ത്തുന്ന ശില്‍പ്പങ്ങളും കൊത്തുപണികളുമടങ്ങിയ ഇടുക്കിയുടെ ഭൂതകാലമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്.

കുടിയേറ്റ കര്‍ഷകന്റെ രൂപമാണ് സ്മാരക വില്ലേജിന്റെ പ്രവേശന കവാടം. ഇവിടെ നിന്നും കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ മുകളിലേക്ക് നടന്നു കയറിയാല്‍ 6 ഇടങ്ങളിലായി വിവിധ ശില്‍പ്പങ്ങളോടു കൂടിയ കാഴ്ചകള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കോണ്‍ക്രീറ്റിലാണ് ജീവസ്സുറ്റ പ്രതിമകളും രൂപങ്ങളും നിര്‍മിച്ചിരിക്കുന്നത്. എ.കെ.ജിയും ഫാദര്‍ വടക്കനും, ഗ്രാമങ്ങളും, കാര്‍ഷികവൃത്തിയും, ഉരുള്‍പൊട്ടലിന്റെ ഭീകരതയുമൊക്കെ ഇവിടെയുണ്ട്. ഏറ്റവും മുകളിലായി സ്മാരക മ്യൂസിയവും അതോടൊപ്പം ഒരു കോഫി ഷോപ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

മുപ്പത്തി ആറരയടി ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രവേശനകവാടമാണ് ആദ്യ ആകര്‍ഷണം.
പാളത്തൊപ്പിയണിഞ്ഞ കര്‍ഷകന്റെ രൂപത്തില്‍ നിര്‍മിച്ചിരിക്കുന്ന കവാടത്തില്‍ ശില്‍പ്പത്തിന്റെ മധ്യഭാഗത്തിനുള്ളിലൂടെയാണ് അകത്തേക്കുള്ള പ്രവേശനം. അവിടുന്ന് കരിങ്കല്‍ പാതയിലൂടെ മുന്നോട്ട് നീങ്ങിയാല്‍ എ.കെ.ജി കര്‍ഷകരോട് സംവദിക്കുന്ന കാഴ്ച കാണാം.

കുടിയിറക്കിനെതിരായി നടന്ന ശക്തമായ സമരത്തിന്റെ ദൃശ്യാവിഷ്‌കാരവുമുണ്ട്. വന്യമൃഗങ്ങളോട് പടപൊരുതി ജീവിതം തുടങ്ങിയ പിന്‍തലമുറക്കാരുടെ ചരിത്രവും ആ കാലഘട്ടത്തിലെ കൃഷിരീതികള്‍ വിവരിക്കുന്ന ദൃശ്യങ്ങളുമുണ്ട്. പ്രകൃതിദുരന്തങ്ങളാല്‍ കഷ്ടപ്പെടുകയും എല്ലാ ദുരിതങ്ങളെയും അതിജീവിച്ച് ജീവിതം കെട്ടിപ്പടുത്ത ജനതയുടെ പോരാട്ടത്തിന്റെ കഥയുമുണ്ട്. ശില്‍പ്പങ്ങള്‍ക്ക് മികച്ച ലൈറ്റ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇരിപ്പിടങ്ങളും പാതയോരങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഉദ്യാനവും കുട്ടികള്‍ക്കായി പാര്‍ക്കും ആരംഭിക്കും.

തദ്ദേശീയരും വിദേശീയരുമായ കൂടുതല്‍ വിനോദസഞ്ചാരികളെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കാനായി ‘ഇന്‍സ്റ്റാലേഷന്‍ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് ഇടുക്കി’ എന്ന പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. 2022 ലാണ് ടൂറിസം വകുപ്പ് പദ്ധതിക്ക് 38,17,116 രൂപയുടെ ഭരണാനുമതി നല്‍കിയത്. രാമക്കല്‍മേട,് പാഞ്ചാലിമേട്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക് ഇടുക്കി, ശ്രീനാരായണപുരം, അരുവിക്കുഴി, വാഗമണ്‍ മൊട്ടക്കുന്ന് എന്നിവിടങ്ങളിലാണ് ഫോട്ടോഫ്രെയിംസ് സ്ഥാപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!