രാത്രികാല മൃഗ ചികിത്സ പദ്ധതി; മൊബൈല്‍ വെറ്ററിനറി യൂണിന്റെ ഉദ്ഘാടനം നടന്നു

അടിമാലി: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല മൃഗ ചികിത്സ പദ്ധതി മൊബൈല്‍ വെറ്ററിനറി യൂണിന്റെ ഉദ്ഘാടനം നടന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ ഉള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും ക്ഷിര കര്‍ഷകരുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് അത്യാവശ്യ ചികിത്സക്കായി ഡോക്ടറുടെ സേവനം വീട്ടുപടിക്കല്‍ ലഭ്യമാക്കുന്നതിനാണ് മൃസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് അടിമാലി ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിന് തുടക്കം കുറിച്ചിട്ടുള്ളത്.
1962 എന്ന ടോള്‍ ഫ്രീ നമ്പരിലുള്ള കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെയാണ് സേവനം ലഭ്യമാകുന്നത്. വൈകിട്ട് 6 മുതല്‍ രാവിലെ 5 വരെയാണ് പ്രവര്‍ത്തന സമയം. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ ജിന്‍സി മാത്യു,രേഖാ രാധാകൃഷ്ണന്, റൂബി സജി, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. മിനി ആര്, ഡോ, എസ് നന്ദഗോപാല്‍, ഡോ. ഷീബ സെബാസ്റ്റിയന്, ഡോ. റിനോജ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു. അടിമാലി വെറ്ററിനറി ഹോസ്പിറ്റലിലായിരുന്നു ചടങ്ങ് നടന്നത്.