ദേശിയപാത വിഷയം; ദേവികുളം താലൂക്ക് ഹര്‍ത്താല്‍ അടിമാലി മേഖലയില്‍ പൂര്‍ണ്ണം

അടിമാലി: ദേശീയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതിയും യുഡിഎഫും ആഹ്വാനം ചെയ്ത ദേവികുളം താലൂക്ക് ഹര്‍ത്താല്‍ അടിമാലി മേഖലയില്‍ പൂര്‍ണ്ണം. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്ന സാഹചര്യത്തിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈറേഞ്ച് മേഖലയില്‍ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.
നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതിയും ഒപ്പം യു ഡി എഫും ദേവികുളം താലൂക്ക് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. താലൂക്ക് ഹര്‍ത്താല്‍ അടിമാലി മേഖലയില്‍ പൂര്‍ണ്ണമായിരുന്നു. ചുരുക്കം ചില വ്യാപാര ശാലകള്‍ ഒഴികെയുള്ള കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു.
ഓട്ടോ ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല. ലോംങ്ങ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആളുകള്‍ക്കെത്തുവാനുള്ള സൗകര്യാര്‍ത്ഥം സ്വകാര്യ ബസ് സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നു. കെ എസ് ആര്‍ ടി സി ബസുകളും സര്‍വ്വീസ് നടത്തി. ലോംങ്ങ് മാര്‍ച്ചിന് ശേഷം നേര്യമംഗലം പാലത്തിന് സമീപം പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു.
നേര്യമംഗലം ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ ദേശിയപാതയില്‍ കുത്തിയിരുന്ന് വാഹനങ്ങള്‍ തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കി. പോലീസും പ്രതിഷേധക്കാരുമായി പല തവണ വാക്കേറ്റമുണ്ടായി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് മറ്റക്രമ സംഭവങ്ങള്‍ ഉണ്ടായില്ല. രാവിലെ 6 മുതല്‍ വൈകിട്ടാറു വരെയായിരുന്നു ഹര്‍ത്താലിനാഹ്വാനം ചെയ്തിരുന്നത്.