
മാങ്കുളം: മഴക്കാലമാരംഭിച്ചതോടെ അടിമാലി ബസ് സ്റ്റാന്‍ഡ് പരിസരത്തെ വെള്ളക്കെട്ട് വാഹനയാത്രകാര്‍ക്കും കാല്‍നടയാത്രകാര്‍ക്കും ഒരേ പോലെ ബുദ്ധിമുട്ടുയര്‍ത്തുന്നു. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വണ്‍വേ റോഡിലാണ് മഴയത്ത് വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയുള്ളത്. റോഡില്‍ നിന്നും വെള്ളം ഒഴുകി പോകുവാനായി ഉണ്ടായിരുന്ന ഓട അടഞ്ഞതാണ് വെള്ളം കെട്ടികിടക്കുവാന്‍ കാരണം.

വെള്ളക്കെട്ടൊഴിവാക്കാന്‍ ആളുകള്‍ ചില ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ അടഞ്ഞ് പോയ ഓട തുറന്ന് വെള്ളമൊഴുകി പോകാനുള്ള വഴിയൊരുക്കണമെന്നാണ് ആവശ്യം. വലിയ തോതില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ശരീരത്തേക്കും സമീപത്തെ വ്യാപാരശാലകളിലേക്കും വെള്ളം തെറിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ബസ് കാത്ത് നില്‍ക്കുന്ന ഭാഗം കൂടിയാണിവിടം. സ്റ്റാന്‍ഡിലെ ശുചിമുറികള്‍ ഉള്ളത് ഈ വെള്ളക്കെട്ടിന് സമീപമാണ്. മഴയത്ത് ശുചിമുറി മാലിന്യം ഏതെങ്കിലും വിധത്തില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കലര്‍ന്നാല്‍ കാല്‍നടയാത്രകാര്‍ക്ക് അത് കൂടുതല്‍ ദുരിതമാകും.