കല്ലാര്‍കുട്ടി ടൗണില്‍ സ്ഥാപിച്ചിരുന്ന കെര്വിഡ് കോണ്‍വെക്സ് മിറര്‍ പുനസ്ഥാപിക്കണം

അടിമാലി: അപകട സാധ്യത ഒഴിവാക്കാനായി കല്ലാര്‍കുട്ടി ടൗണില്‍ സ്ഥാപിച്ചിരുന്ന കെര്വിഡ് കോണ്‍വെക്സ് മിറര്‍ പുനസ്ഥാപിക്കാന്‍ നടപടി വേണമെന്നാവശ്യം. ടൗണില്‍ അടിമാലി കുമളി ദേശിയപാതയോരത്തായിരുന്നു അപകട സാധ്യത ഒഴിവാക്കാനായി കെര്വിഡ് കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചിരുന്നത്.തിരക്കേറിയ ജംഗ്ഷനൊപ്പം കൊടും വളവോടുകൂടിയ ഭാഗം കൂടിയാണ് കല്ലാര്‍കുട്ടി ടൗണ്‍.
വെള്ളത്തൂവല്‍ ഭാഗത്തും നിന്നും അടിമാലി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് എതിര്‍ദിശയില്‍ നിന്ന് വാഹനങ്ങള്‍ വരുന്നുണ്ടോയെന്ന് തിരിച്ചറിഞ്ഞ് മുമ്പോട്ട് പോകാന്‍ സഹായിക്കുന്നതായിരുന്നു ഇവിടെ സ്ഥാപിച്ചിരുന്ന മിറര്‍. ഏതാനും നാളുകള്‍ക്ക് മുമ്പ് ലോറി വ്യാപാരസ്ഥാപനങ്ങളിലേക്ക് പാഞ്ഞ് കയറി ഉണ്ടായ വാഹനാപകടത്തിലായിരുന്നു ഇവിടെ സ്ഥാപിച്ചിരുന്ന മിററും തകര്‍ന്നത്. തകര്‍ന്ന മിററിന് പകരം പുതിയ മിറര്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് വാഹനയാത്രികരുടെ ആവശ്യം. മിററില്ലാതായതോടെ പലപ്പോഴും തലനാരിഴക്കാണ് കല്ലാര്‍കുട്ടി ടൗണില്‍ അപകടം ഒഴിവായി പോകുന്നത്.
രാവിലെയും വൈകുന്നേരങ്ങളിലും കല്ലാര്‍കുട്ടി ടൗണില്‍ വലിയ തിരക്കനുഭവപ്പെടാറുണ്ട്.bഇടുങ്ങിയ ടൗണ്‍ എന്ന നിലയില്‍ വാഹനങ്ങള്‍ എതിര്‍ദിശകളില്‍ നിന്ന് വരുന്നത് കാണാന്‍ കഴിയാതെ പോവുകയും പലപ്പോഴും ഗതാഗതകുരുക്കിന് ഇടവരുത്തുകയും ചെയ്യാറുണ്ട്. കൊടും വളവിനൊപ്പം മൂന്ന് റോഡുകളുടെ സംഗമ കേന്ദ്രമെന്ന നിലയില്‍ പഴയ സ്ഥാനത്ത് കെര്വിഡ് കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.