KeralaLatest News

കുടുംബശ്രീയ്ക്ക് ഇന്ന് 27 വയസ്

സ്ത്രീശാക്തീകരണ രംഗത്ത് ലോകത്തിന് മുന്‍പില്‍ കേരളംവെച്ച മാതൃകയാണ് കുടുംബശ്രീ. ദാരിദ്ര്യം തുടച്ചുനീക്കാനും സംരംഭക രംഗത്ത് സാധാരണക്കാരായ സ്ത്രീകള്‍ക്ക് ശോഭിക്കാനും കുടുംബശ്രീ സഹായകമായി. കുടുംബശ്രീ രൂപീകരണത്തിന്റെ ഇരുപത്തി ഏഴാം വാര്‍ഷികം ആണിന്ന്.

സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി 1998ലാണ് കുടുംബശ്രീ ആരംഭിക്കുന്നത്. മലപ്പുറത്ത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയീയാണ് ഉദ്ഘാടനം ചെയ്തത്. ദാരിദ്ര്യ നിര്‍മാര്‍ജനമായിരുന്നു ആദ്യ വര്‍ഷങ്ങളിലെ പ്രധാന ലക്ഷ്യം. ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ മാതൃകയില്‍ സമൂഹത്തിന്റെ താഴേ തട്ടിലുള്ള വനിതകളെ ഒരുമിച്ചു കൂട്ടാനുള്ള പദ്ധതി വന്‍ വിജയമായി. ഓരോ പ്രദേശത്തെയും കുടുംബങ്ങളില്‍ നിന്ന് 18 വയസ് പൂര്‍ത്തിയായ ഓരോ സ്ത്രീയെ വീതം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന 10 മുതല്‍ 20 വരെ അംഗങ്ങള്‍ ഉള്ള അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാന ഘടകം. ഇത്തരം മൂന്ന് ലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്.

ഇതിനു മുകളില്‍ എഡിഎസ്, സിഡിഎസ് എന്നെ മേല്‍ഘടകങ്ങളുമുണ്ട്. കേരളത്തിന്റെ സാമൂഹികഘടനയില്‍ പ്രത്യക്ഷ മാറ്റങ്ങള്‍ വരുത്താന്‍ കുടുംബശ്രീക്കായി. സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം നല്‍കല്‍ മുതല്‍ നിയമ സഹായവും കൗണ്‍സിലിംഗും സാംസ്‌കാരിക പ്രവര്‍ത്തനവുമെല്ലാമായി സമൂഹത്തിന്റെ നാനാ തുറകളില്‍ സജീവമായി ഇടപെടുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം നേരിട്ട് താഴെ തട്ടില്‍ എത്തിക്കുവാനുള്ള ശ്രമങ്ങളിലും ഭാഗമാകുന്നു. സ്വയം പര്യാപ്തത കൈവരിച്ച നിരവധി വനിതകളുടെ വിജയകഥകള്‍ കുടുംബശ്രീക്ക് പറയാനുണ്ട്. ന്യായ വിലക്ക് ഭക്ഷണം നല്‍കുന്ന ജനകീയ ഹോട്ടലുകള്‍ കേരളമെമ്പാടും തരംഗമായി. സര്‍ക്കാര്‍ പദ്ധതികളിലെ ഔദ്യോഗിക ഏജന്‍സിയായി കുടുംബശ്രീയെ കഴിഞ്ഞേ മറ്റാരുമുണ്ടായുള്ളു. 2023 മുതലാണ് മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!