ലഹരിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അടിമാലി: അടിമാലിയില്‍ ലഹരിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യുവാക്കള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലഹരിക്കെതിരായുള്ള സന്ദേശം പൊതുസമൂഹത്തിലേക്കും യുവാക്കള്‍ക്കിടയിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജീവിതത്തില്‍ ഗോളടിക്കാം ലഹരിക്കെതിരെ ഫൗള്‍വിളിക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചത്. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു പരിപാടി നടന്നത്. മത്സരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി ചെമ്മല ഉദ്ഘാടനം ചെയ്തു. അടിമാലി മണ്ഡലം പ്രസിഡന്റ് അലന്‍ നിഥിന്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിന്‍സ് ഏലിയാസ് പെനാല്‍റ്റി കിക്കോഫ് നടത്തി. ഡിസിസി മെമ്പര്‍ വിനു സ്‌കറിയ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ബസ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന നിരവധി ആളുകളും വിദ്യാര്‍ത്ഥികളും ഷൂട്ടൗട്ടില്‍ പങ്കെടുത്തു.
ഡിസിസി ജനറല്‍ സെക്രട്ടറി ടി എസ് സിദ്ദിഖ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ എസ് മൊയ്തു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അക്‌സ സാറ,കെഎസ്യു ജില്ലാ സെക്രട്ടറി അലന്‍ സണ്ണി എന്നിവര്‍ സംസാരിച്ചു.മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് രാജീവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലഹരിക്കെതിരെ സഞ്ചരിക്കുന്ന ഗോള്‍ വണ്ടിയുമായി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും.