
അടിമാലി: പൂക്കള്‍ക്ക് ഏറ്റവും അധികം ആവശ്യക്കാരുള്ള കാലമാണ് ഓണക്കാലം. തമിഴ്‌നാട്ടിലും മറ്റുമെത്തിയാണ് ഇപ്പോള്‍ മലയാളികള്‍ അത്തപ്പൂക്കളമൊരുക്കാന്‍ പൂക്കങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ അത്തം മുതല്‍ പത്ത് ദിവസവും പൂക്കളമൊരുക്കാന്‍ സ്വന്തമായി പുഷ്പ കൃഷി ചെയ്ത് ചെടികള്‍ പൂത്ത് നില്‍ക്കുന്ന ഒരിടമുണ്ട്. പനംകുട്ടി സെന്റ് ജോസഫ് പള്ളി മുറ്റത്താണ് ആ മനോഹര കാഴ്്ച്ച. ഓണക്കാലമായാല്‍ പൂക്കളുടെ വില വിപണിയില്‍ കുതിച്ചുയരും.
അതുകൊണ്ട് തന്നെ പൂക്കളം തീര്‍ക്കണമെങ്കില്‍ ഇന്ന് വലിയ തുക മുടക്കേണ്ട സാഹചര്യമാണ്. ഇത് മറികടക്കാനാണ് പനംകുട്ടി സെന്റ് ജോസഫ് പള്ളിയിലെ ഭക്തസംഘടനകളായ മിഷന്‍ലീഗ്, കെ.സി.വൈ.എം, മാതൃവേദി,തിരുബാലസഖ്യം എന്നിവയുടെ നേതൃത്വത്തില്‍ പള്ളിമുറ്റത്തെ മറ്റ് ചെടികള്‍ക്കൊപ്പം ഇത്തവണ ചെണ്ടുമല്ലിയും നട്ടുപരിപാലിച്ചത്. ഒന്നും രണ്ടുമല്ല 250 ചെടിച്ചട്ടികളിലാണ് മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍ പൂത്ത് വിടര്‍ന്ന് നില്‍ക്കുന്നത്.
ആത്മീയതയുടെ ഉണര്‍വ്വ് തേടിയെത്തുന്നവര്‍ക്ക് മനസ്സിന് കുളിര് പകരുന്ന കാഴ്ചകൂടിയാണ് പൂത്ത് നില്‍ക്കുന്ന ഈ ചെണ്ടുമല്ലികള്‍.കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് പള്ളിവികാരി ഫാ. ജോസ് പവ്വൗത്തിലിന്റെ നേതൃത്വത്തില്‍ ഭക്ത സംഘടനകളുടെ സഹകരണത്തോടെ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. നഴ്‌സറിയില്‍ നിന്ന് വിലകൊടുത്ത് വാങ്ങിയ തൈകളാണ് നട്ട് പരിപാലിച്ചത്. ഓണത്തിന് മാത്രമല്ല എട്ടുനോമ്പ് തിരുനാളിന് പള്ളിയലങ്കരിക്കാനും ഈ പൂക്കള്‍ ധാരളമാണ്.
പച്ചക്കറികള്‍ മുതല്‍ പൂക്കള്‍ക്ക് വരെ നമ്മള്‍ തമിഴ്‌നാടിനെ ആശ്രയിക്കുമ്പോള്‍ മലയാളിയുടെ ഉത്സവമായ ഓണത്തിനിടുന്ന അത്തപ്പൂക്കളത്തിലെങ്കിലും കൂട്ടായ്മയിലൂടെ സ്വയം പര്യാപ്തതയിലെത്താനുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് പള്ളിമുറ്റത്ത് പൂത്ത് നില്‍ക്കുന്ന ചെണ്ടുമല്ലികള്‍