
മൂന്നാര്‍: പാമ്പാടും ചോല ദേശിയോദ്യാനത്തില്‍ വനംവകുപ്പ് സഞ്ചാരികള്‍ക്കായി നടപ്പിലാക്കുന്ന ട്രക്കിംഗ്ന് പ്രിയമേറുന്നു. പാമ്പാടുംചോല ദേശീയ ഉദ്യാനത്തില്‍ ചരിത്രപ്രാധാന്യമുള്ള ഒരു റോഡ് ഉണ്ട്. ഗ്രേറ്റ് എസ്കേപ്പ് റൂട്ട് എന്നാണ് ഇതിന്റെ പേര്. 1942ല്‍ മദിരാശി പട്ടണത്തില്‍ ജപ്പാനിലെ നാവിക നൗകകള്‍ ബോംബ് വര്‍ഷിച്ചു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ സമാന്തരമായി ഒരുറോഡിന് പദ്ധതിയിട്ടു. കൊച്ചിയില്‍ എത്തിച്ചേരുന്നതിനായി കൊടൈക്കനാലിലെ ബെറീജത്തു നിന്നും വട്ടവടയിലെ ടോപ് സ്റ്റേഷനിലേക്ക് റോഡ് നിര്‍മ്മിച്ചു. എന്നാല്‍ ഈ റോഡ് കടന്നു വരുന്ന ഭാഗം പിന്നീട് കൊടൈക്കനാല്‍ സാങ്ഞ്ച്വറി ആയി പ്രഖ്യാപിച്ചതോടെ തമിഴ്നാട് അതിര്‍ത്തിയില്‍ വനം വകുപ്പ് ചങ്ങല ഇട്ട് റോഡ് തടഞ്ഞു. അന്നു മുതല്‍ ഈ റോഡിലൂടെയുള്ള യാത്ര തടസ്സപ്പെട്ടു.
എന്നാല്‍ കേരള അതിര്‍ത്തിയിലെ ഈ പാതയിലൂടെ നടക്കുവാനുള്ള സൗകര്യമാണ് വനം വകുപ്പ് ഷോളാനേച്ചര് വാക്ക് പേരില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നാറില്‍നിന്നും വട്ടവടയിലേക്കുപോകുന്ന പാതയില്‍ ടോപ്പ് സ്റ്റേഷന് ചെക്ക് പോസ്റ്റില്‍നിന്നുമാണ് ഷോള നേച്ചര്‍ വാക്ക് ആരംഭിക്കുന്നത്. പോത്തിന്ങ്കണ്ടംവരെ നീളുന്ന യാത്ര കാട്ടുപോത്തുകളുടെ സമ്പന്നമായ കാഴ്ച സഞ്ചാരികള്‍ക്ക് സമ്മാനിക്കും. ലോഗ് ഹൗസ്, അപൂര്‍വമായ നീലഗിരി മാര്ട്ടിന്, വിവിധയിനം പക്ഷികള്‍, മറ്റ് വന്യജീവികള്‍, അപൂര്‍വമായ മരപ്പന്നല്‍ തുടങ്ങിയ കാഴ്ചകളും കാണാന്‍ കഴിയും.
രണ്ടു കാട്ടുചോലകള്‍ മരപ്പാലത്തില്‍ കൂടെ കടക്കുവാനും അവസരം ലഭിക്കുന്നു. പോകും പാതയില്‍ സഞ്ചാരികള്‍ക്ക് ക്ഷീണമകറ്റുവാന്‍ വിശ്രമകേന്ദ്രങ്ങള്‍ ഉണ്ട്. അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള ഷോല ട്രെക്കിംഗിന് 300 രൂപയാണ് നിരക്ക്. പ്രകൃതിയെ അടുത്തറിഞ്ഞുള്ള ഈ യാത്ര സഞ്ചാരികളും പ്രകൃതി സ്നേഹികളും ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.