പട്ടയ വിഷയത്തില്‍ കല്ലാര്‍കുട്ടി പട്ടയ അവകാശ സംരക്ഷണ സമിതി വീണ്ടും സമരരംഗത്തേക്ക്

അടിമാലി: പട്ടയ വിഷയത്തില്‍ കല്ലാര്‍കുട്ടി പട്ടയ അവകാശ സംരക്ഷണ സമിതി വീണ്ടും സമരരംഗത്തേക്ക്. കല്ലാര്‍കുട്ടി ജലാശയത്തിന്റെ സമീപമേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. നിരന്തരം ആവശ്യമുന്നയിച്ചിട്ടും പട്ടയമെന്ന തങ്ങളുടെ ആവശ്യത്തോട് ബന്ധപ്പെട്ടവര്‍ മുഖംതിരിക്കുന്നുവെന്നാണ് കല്ലാര്‍കുട്ടി നിവാസികളുടെ ആക്ഷേപം.
പ്രദേശവാസികളുടെ പട്ടയമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ആവശ്യം ഫലപ്രാപ്തിയില്‍ എത്താത്തതില്‍ കുടുംബങ്ങള്‍ക്ക് വലിയ നിരാശയുണ്ട്. ഈ സാഹചര്യത്തിലാണ് പട്ടയ വിഷയത്തില്‍ വീണ്ടും കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി വീണ്ടും സമര രംഗത്തേക്കിറങ്ങാന്‍ തീരുമാനം കൈകൊണ്ടിട്ടുള്ളത്. പട്ടയ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ കല്ലാര്‍കുട്ടി ഡാം ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കല്ലാറുകുട്ടി പട്ടയ അവകാശ സംരക്ഷണ വേദി മുഖ്യരക്ഷാധികാരി ഫാ. മാത്യു വളവനാല്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയും.
രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുമെന്നും കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണ വേദി ചെയര്‍മാന്‍ പി.വി അഗസ്റ്റിന്‍,ജനറല്‍ കണ്‍വീനര്‍ ജെയിന്‍സ് യോഹന്നാന്‍, ട്രഷറര്‍ സാജു സ്‌കറിയ, കണ്‍വീനര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, പി എസ് ജോര്‍ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഇരുകരകളിലുമായി വെള്ളത്തൂവല്‍,കൊന്നത്തടി പഞ്ചായത്തുകളില്‍ അധിവസിക്കുന്ന 3500ല്‍ അധികം കുടുംബങ്ങളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്.