
അടിമാലി മേഖലയില്‍ രണ്ട് വാഹനാപകടങ്ങളാണ് ഇന്ന് സംഭവിച്ചത്. കല്ലാര്‍കുട്ടിക്ക് സമീപം കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് പതിച്ചാണ് ഒരപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവിന് പരിക്ക് സംഭവിച്ചു. കല്ലാര്‍കുട്ടി വെള്ളത്തൂവല്‍ റോഡില്‍ റേഷന്‍കട സിറ്റിക്ക് സമീപം വച്ച് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. ജലാശയത്തില്‍ പതിക്കാതെ വാഹനം കരയില്‍ തങ്ങി നിന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
പ്രദേശവാസികളും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യുവാവിനെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ യുവാവ് മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിവരം. അടിമാലി ചാറ്റുപാറ ഗ്യാസ് പടിയിലാണ് മറ്റൊരപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടുമുറ്റത്തേക്ക് തല കീഴായി മറിയുകയായിരുന്നു. യാത്രക്കാര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. രണ്ടപകടത്തിലും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.