ഐടിആര്‍ ഫോമുകള്‍ വൈകി; ജൂലൈ 31ന് ശേഷവും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടി നല്‍കുമോ?

കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളുനുസരിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) സുപ്രധാന മാറ്റങ്ങളോടെ ഏഴ് ഐടിആര്‍ (ആദായ നികുതി റിട്ടേണ്‍) ഫോമുകള്‍ പുറത്തിറക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഈ ഫോമുകള്‍ വൈകിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനുപുറമെ, ആദായ നികുതി പോര്‍ട്ടലില്‍ ഇ-ടാക്സ് ഫയലിംഗ് സുഗമമാക്കുന്നതിന് ഈ ഫോമുകളുടെ ഓണ്‍ലൈന്‍ എക്സല്‍ യൂട്ടിലിറ്റികള്‍ ആദായ നികുതി വകുപ്പ് ഇതുവരെ ലഭ്യമാക്കിയിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ ജൂലൈ 31 ന് ശേഷവും നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുമോ എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ സമയപരിധി നീട്ടി നല്‍കിയിരുന്നത് സാങ്കേതിക തകരാറുകള്‍ മൂലമോ അസാധാരണമായ സാഹചര്യങ്ങള്‍ മൂലമോ ആയിരുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ വര്‍ഷം സമയം നീട്ടി നല്‍കുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അത്തരമൊരു തീരുമാനം എടുക്കുമോ എന്ന് മെയ് മാസത്തില്‍ പ്രവചിക്കാന്‍ സാധിക്കുകയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കൂടാതെ സമയപരിധി നീട്ടുന്നതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല . മുന്‍ വര്‍ഷങ്ങളില്‍, ഇ-ഫയലിംഗ് പോര്‍ട്ടലിലെ സാങ്കേതിക തടസ്സങ്ങള്‍, ഫോം 16 എഐഎസ് എന്നിവയുടെ റിലീസിലെ കാലതാമസം, പ്രകൃതിദുരന്തങ്ങള്‍ അല്ലെങ്കില്‍ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥകള്‍ പോലുള്ള അസാധാരണ സംഭവങ്ങള്‍ എന്നിവ പോലുള്ള പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമാണ് സമയം നീട്ടി നല്‍കിയിട്ടുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.