മധ്യവേനല്‍ അവധി അവസാനിക്കാറായതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; കുരുക്ക്

മൂന്നാര്‍: മധ്യവേനല്‍ അവധി അവസാനിക്കാറായതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുകയാണ് നാട്ടുകാരും സഞ്ചാരികളും. ഓരോ വര്‍ഷവും മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. എന്നാല്‍ ഗതാഗത കുരുക്കിന് പരിഹാരം കാണാനുള്ള ഒരു നടപടിയും ഇപ്പോഴും ഇല്ല. മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി തിരിച്ച് പോകുന്ന സഞ്ചാരികളും നിരവധിയാണ്.
അവധിക്കാലം ആഘോഷമാക്കാന്‍ ഇടുക്കിയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുമ്പോള്‍ അതില്‍ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് മൂന്നാറാണ്. എന്നാല്‍ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഇന്നും മൂന്നാറിലില്ല. അതുകൊണ്ട് തന്നെ തിരക്ക് വര്‍ധിക്കുമ്പോള്‍ എന്നും മൂന്നാറിന്റെ ശാപമാണ് മണിക്കൂറൂകള്‍ നീളുന്ന ഗതാഗതക്കുരുക്ക്. മൂന്നാര്‍ മാട്ടുപ്പെട്ടി റൂട്ടിലും, മൂന്നാര്‍ മറയൂര്‍ റൂട്ടിലും മൂന്നാര്‍ ടൗണിലും തിരക്ക് വര്‍ദ്ധിച്ചാല്‍ കിലോമീറ്ററുകള്‍ നീള്ളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടാവുക.
മാട്ടുപ്പെട്ടി റൂട്ടിലടക്കം ഗതാഗതക്കുരുക്കില്‍ പെടുന്ന വാഹനങ്ങളിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്.ഗതാഗതക്കുരുക്ക് നീളുന്നതോടെ പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങുന്നവരും നിരവധിയാണ്. ഗതാഗതക്കുരുക്കിന്റെ വലിയ ദുരിതം അനുഭവിക്കുന്നതില്‍ നാട്ടുകാരുമുണ്ട്്.അത്യാവശ്യ ആവശ്യങ്ങള്‍ക്ക് ആശുപത്രിയിലേക്ക് എത്താന്‍ പോലും കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രോഗികളുമായെത്തിയ ആംബുലന്‍സ് പോലും ഗതാഗതക്കുരുക്കില്‍ പെട്ട് മുമ്പോട്ട് പോകാനാകാതെ മുമ്പ് കുടുങ്ങി കിടന്നിട്ടുണ്ട്.
ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന ഘട്ടത്തില്‍ ദുരിതമനുഭവക്കുന്ന മറ്റൊരു വിഭാഗമാണ് മൂന്നാറിലെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍. ടൗണ്‍ നിശ്ചലമാകുന്നതോടെ വിളിക്കുന്ന ഓട്ടം പോലും ഇവര്‍ക്ക് പോകാനാകില്ല. പ്രകൃതി മനോഹാരിത തേടിയെത്തുന്ന സഞ്ചാരികളെയും നാട്ടുകാരേയും ടാക്‌സി തൊഴിലാളികളെയും അടക്കം പ്രതികൂലമായി ബാധിക്കുന്ന ഗതാഗതക്കുരുക്കഴിക്കാന്‍ സമഗ്രമായ പദ്ധതി ഇനിയെങ്കിലും അധികൃതര്‍ തയ്യാറാക്കിയില്ലെങ്കില്‍ മൂന്നാറിനെ സഞ്ചാരികള്‍ ഉപേക്ഷിക്കുമെന്നതിന് സംശയമില്ല.