കൊമ്പൊടിഞ്ഞാലില്‍ വീടിന് തീ പിടിച്ച് നാലംഗ കുടുംബം മരിച്ച സംഭവം; ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാവശ്യം

അടിമാലി: കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വെന്ത് മരിച്ചതിലെ ദുരൂഹതയും ആശങ്കയും ഒഴിവാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാകുന്നു. നിലവില്‍ ഇക്കാര്യത്തില്‍ പോലീസിന്റെ അന്വേഷണം തുടരുന്നുണ്ട്. പക്ഷെ സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മരണത്തിലെ ദൂരൂഹത പൂര്‍ണ്ണമായി നീക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായിട്ടാണ് പ്രദേശത്തെ പൊതുപ്രവര്‍ത്തകരടക്കം രംഗത്തെത്തിയിട്ടുള്ളത്.
കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ടോടെയായിരുന്നു കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബത്തെ വെന്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, ശുഭയുടെ മാതാവ് പൊന്നമ്മ,ശുഭയുടെ മക്കളായ അഭിനന്ദ്, അഭിനവ് എന്നിവരായിരുന്നു മരണപ്പെട്ടത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി അഗ്നിക്കിരയായിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തതിന് കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പീന്നീട് ഇക്കാര്യത്തില്‍ വ്യക്തത കുറവ് സംഭവിച്ചതായാണ് വിവരം. കുട്ടികളടക്കം നാല് പേര് മരണപ്പെട്ട സംഭവത്തിലെ ദുരൂഹതയും ആശങ്കയും ഒഴിവാക്കണമെന്ന ആവശ്യം സംഭവ ദിവസം മുതല്‍ വിവിധ കോണുകളില്‍ നിന്നും ശക്തമാണ്.

തീ പിടുത്ത കാരണമടക്കം വിവിധങ്ങളായ സംശയങ്ങള്‍ പൊതുപ്രവര്‍ത്തകരും സമീപവാസികളും മുമ്പോട്ട് വയ്ക്കുന്നു. സംഭവ ശേഷം പോലീസ് സ്ഥലത്തു നിന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിരുന്നു. വിവിധയാളുകളില്‍ നിന്നും പോലീസ് മൊഴികളും ശേഖരിച്ചിട്ടുണ്ട്. നാല് ജീവനുകള്‍ കവര്‍ന്ന സംഭവത്തിലെ ദുരൂഹത അകറ്റാന്‍ പോലീസിന്റെ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്ന ആവിശ്യം ദിവസം കഴിയുന്തോറും ശക്തമാകുകയാണ്.