ഇറച്ചില്‍ പാറയില്‍ മണ്ണ് നീക്കാന്‍ വഴിയൊരുങ്ങുന്നു; ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.

മൂന്നാര്‍: കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍പെട്ട ദേവികുളം ഇറച്ചില്‍ പാറയില്‍ കഴിഞ്ഞ വര്‍ഷം മലയിടിഞ്ഞുണ്ടായ മണ്ണ് നീക്കി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ മഴക്കാലത്തായിരുന്നു കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിലെ ഇറച്ചില്‍ പാറയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. പാതയോരത്തു നിന്നും വലിയ തോതില്‍ മണ്ണും ഒപ്പം മരങ്ങളും റോഡിലേക്ക് ഇടിഞ്ഞ് ചാടുകയായിരുന്നു. മാസങ്ങള്‍ പിന്നിട്ട് അടുത്ത മഴക്കാലം തൊട്ടരികില്‍ എത്തിയിട്ടും ഇടിഞ്ഞെത്തിയ മണ്ണിതുവരെ നീക്കം ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ മൈനിംങ്ങ് ആന്‍ഡ് ജിയോളജി, ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത്, വനംവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തിയത്.
ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ മണ്ണ് നീക്കി സംരക്ഷണഭിത്തി നിര്‍മിക്കുമെന്നും നീക്കം ചെയ്യുന്ന മണ്ണ് തള്ളാന്‍ വനം വകുപ്പ് സ്ഥലം നല്‍കിയെന്നും ദേശീയ പാത അതോറിറ്റി അധികൃതര്‍ പറഞ്ഞു. മണ്ണ് നീക്കം ചെയ്യാനുള്ള തീരുമാനം ആശാവഹമെന്ന് പ്രദേശവാസികളും പ്രതികരിച്ചു. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് റോഡിന് താഴ്ഭാഗത്തായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഈ കുടുംബങ്ങളോട് വേണ്ടി വന്നാല്‍ സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായതിന് മുകള്‍ ഭാഗത്ത് വിള്ളല്‍ സംഭവിച്ചതും കഴിഞ്ഞ മഴക്കാലത്ത് ആശങ്ക വര്‍ധിപ്പിച്ചു.
മഴക്ക് മുമ്പ് മണ്ണ് നീക്കാതെ വന്നാല്‍ റോഡിലാകെ മണ്ണ് ഒഴുകി പരക്കാനുള്ള സാധ്യത നിലനില്ക്കുന്നു. ഇത് ഗതാഗതം ദുഷ്ക്കരമാക്കും. മാത്രവുമല്ല മണ്ണ് നീക്കാതെ വന്നാല്‍ മഴ പെയ്യുന്നതോടെ ഈ ഭാഗത്ത് റോഡിന് കൂടുതല്‍ മര്‍ദ്ദം താങ്ങേണ്ടതായും വരും.